സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവ്വകലാശാലകളിലെയും വിദ്യാർത്ഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.
വേണ്ട ഹാജരിന്റെ പരിധി, വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി ഉൾപ്പെടെ 73 ശതമാനമായി നിശ്ചയിച്ചുകൊണ്ടാണ് ഉത്തരവ്. 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചു.
വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയാണ് ആദ്യം കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സർവ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാർത്ഥിനികൾക്ക് ആശ്വാസമാകുമെന്നതിനാലാണ് തീരുമാനം.
സർവ്വകലാശാലാ നിയമങ്ങളിൽ ഇതിനാവശ്യമായ ഭേദഗതികൾ വരുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു അറിയിച്ചു.