ന്യൂഡൽഹി: സമരത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ കള്ളക്കേസിൽ കുടുക്കി പിരിച്ചുവിട്ട കെ എ മാനുവലിനെ തിരിച്ചെടുക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ ആയിരിക്കെ 2009 മാർച്ച് അഞ്ചിനാണ് മാനുവലിനെ പിരിച്ചുവിട്ടത്.
ഏജീസ് ഓഫീസിലെ ജീവനക്കാർ നിർവഹിക്കുന്ന ജോലികൾ പുറംകരാർ കൊടുക്കാനുള്ള തീരുമാനത്തിനെതിരെ ഓഡിറ്റ് ആന്റ് അക്കൗണ്ട്സ് അസോസിയേഷൻ സമരം നടത്തിയിരുന്നു. സമരത്തെ തുടർന്ന് തീരുമാനം പിൻവലിക്കേണ്ടിവന്നു. ഓഡിറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആയിരുന്ന മാനുവലിനെതിരെ കള്ളക്കേസ് എടുക്കുകയും തുടർന്ന് പിരിച്ചുവിടുകയുമായിരുന്നു.
2010 ൽ പിരിച്ചുവിടൽ റദ്ദാക്കി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. അത് ചോദ്യം ചെയ്ത് സിഎജിയും കേന്ദ്ര സർകാരും ഫയൽ ചെയ്ത അപ്പീൽ 2018-ൽ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തളളി. എന്നാൽ കേന്ദ്രസർക്കാർ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.