എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിൽ (കെടിയു) വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി. സർവകാലാശാലയ്ക്ക് കീഴിലെ എല്ലാ കോളേജുകൾക്കും ഇത് ബാധകമാണ്. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിന്റേതാണ് തീരുമാനം. ഏകകണ്ഠമായാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു ഇന്നലെ പറഞ്ഞിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നടപ്പാക്കിയ ആർത്തവാവധി മാതൃകയാണ് സംസ്ഥാന വ്യാപകമാക്കാൻ പരിഗണിക്കുന്നത്. ആർത്തവസമയത്ത് വിദ്യാർത്ഥിനികൾ അനുഭവിക്കുന്ന മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് തീരുമാനം വ്യാപിപ്പിക്കാൻ ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
വിദ്യാർത്ഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല കൊണ്ടുവന്നത്. ഇത് മറ്റു സർവ്വകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാർത്ഥിനികൾക്ക് വലിയ ആശ്വാസമായിരിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇക്കാര്യമാവശ്യപ്പെട്ട് എസ്എഫ്ഐ സംസ്ഥാന നേതൃത്വം നിവേദനം സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി ഇന്നലെ അറിയിച്ചു.