ന്യൂഡൽഹി: ബഫർസോൺ വിഷയം മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീംകോടതി. മൂന്നംഗ ബെഞ്ച് രൂപവത്കരിക്കാൻ ജസ്റ്റിസുമാരായ ബി.ആർ ഗവായ്, വിക്രം നാഥ് എന്നിവർ അടങ്ങിയ ബെഞ്ച് ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിച്ചു.
ബഫർ സോൺ മേഖലകൾ ജനങ്ങൾക്കു പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് അമിക്കസ് ക്യൂറി കെ പരമേശ്വര കോടതിയെ അറിയിച്ചു. തുടർന്നാണ് മൂന്നംഗ ബെഞ്ചിനു വിടാമെന്നു കോടതി പറഞ്ഞത്. വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ബഫർസോൺ നിശ്ചയിച്ച കോടതി വിധിയിൽ കേരളം ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്. പരിസ്ഥിതി ലോല പ്രദേശമായി കേന്ദ്രസർക്കാർ കരട് വിജ്ഞാപനമിറക്കിയ 16 സംരക്ഷിത മേഖലകളെ വിധിയുടെ പരിധിയിൽനിന്നും ഒഴിവാക്കണമെന്നാണ് കേരളത്തിൻ്റെ ആവശ്യം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കേരളത്തിൻ്റെ ആവശ്യത്തിൽ വിശദമായ വാദം കേൾക്കാമെന്ന് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു.