കേരളത്തിൻ്റെ നികുതി കുടിശിക നാൽപ്പതിനായിരം കോടി രൂപയെന്ന കേരള കൗമുദി വാർത്ത വ്യാജം. സംസ്ഥാന സർക്കാർ കുടിശിക പിരിച്ചെടുക്കുന്നില്ലെന്നു വരുത്താനും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്നു വരുത്താനുമാണ് കള്ളക്കണക്കുകളുമായി കൗമുദി ശ്രമിക്കുന്നത്. 2020 ൽ 24,175 കോടിയായിരുന്ന കുടിശിക 2023 ൽ 40,000 കോടിയായി കുതിച്ചു കയറിയെന്ന സംഭ്രമജനകമായ കണ്ടുപിടുത്തവും പത്രം നടത്തിയിട്ടുണ്ട്.
നാൽപതിനായിരം കോടിയിൽ 13395 കോടിയും ജി എസ് ടി കുടിശികയാണെന്ന വങ്കത്തവും എഴുന്നള്ളിച്ചിട്ടുണ്ട്. ജി എസ് ടി കുടിശികയാക്കി സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാനാവില്ലെന്ന കാര്യം സംസ്ഥാന സർക്കാരിനെ ആക്ഷേപിക്കുന്നതിനിടയിൽ കേരള കൗമുദി ഓർത്തില്ല. ജി എസ് ടി അടയ്ക്കാതിരുന്നാൽ രജിസ്ട്രേഷൻ നഷ്ടമാകും. മൂല്യവർധിത നികുതി, വിൽപ്പന നികുതി, ജി എസ് ടി എന്നിവ തമ്മിലുള്ള വ്യത്യാസം പോലും
തിരിച്ചറിയാതെയാണ് സംസ്ഥാന സർക്കാരിനെതിരെ കൗമുദിയുടെ പൊയ് വെടി .
ഇല്ലാക്കണക്കുകൾ നിരത്തി കേരള കൗമുദി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ജനങ്ങളെ വിഭ്രമിപ്പിക്കുകയാണെന്ന് മുൻ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് വ്യക്തമാക്കി. കേരളത്തിൽ സാമ്പത്തിക അട്ടിമറിക്ക് ശ്രമിക്കുന്ന കേന്ദ്ര സർക്കാരിനും ബിജെപിക്കും ഈ മാധ്യമങ്ങളും ചില വിദഗ്ധരും ചേർന്ന് കളമൊരുക്കി കൊടുക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.