തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ കേരളത്തിലെ നാഷണൽ സർവ്വീസ് സ്കീമും. കേരളത്തിലെ നാഷണൽ സർവ്വീസ് സ്കീമിൽ നിന്നും പതിനൊന്നംഗ സംഘത്തെ തെരഞ്ഞെടുത്തു. ഇവരെ പരേഡ് ക്യാമ്പിൽ പങ്കെടുക്കാനായി ഡൽഹിയിലേക്ക് യാത്രയാക്കിയതായി മന്ത്രി ആർ ബിന്ദു അറിയിച്ചു. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക് പോസ്റ്റിൻ്റെ പൂർണ രൂപം:
സംസ്ഥാനത്തെ നാഷണൽ സർവ്വീസ് സ്കീമിൻ്റെ പ്രവർത്തനങ്ങൾക്ക് ദേശീയതലത്തിൽ വീണ്ടും അംഗീകാരം ലഭിച്ചിരിക്കുന്നു.
ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ കേരളത്തിലെ നാഷണൽ സർവ്വീസ് സ്കീമിൽ നിന്നും പതിനൊന്നംഗ സംഘത്തെ തിരഞ്ഞെടുത്തിരിക്കുന്നു. റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഏക സന്നദ്ധസേനാ വിഭാഗമാണ് എൻ എസ് എസ്.
പരേഡ് ക്യാമ്പിൽ പങ്കെടുക്കാനായി ടീമംഗങ്ങളെ യാത്രയാക്കി. സംസ്ഥാനത്തെ നാലു ലക്ഷം പ്രവർത്തകരിൽ നിന്നാണ് പത്തു പേരെ തിരഞ്ഞെടുത്തത്.
ഒരു മാസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടികളിലും, തുടർന്നു നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലും നാഷണൽ സർവ്വീസ് സ്കീം വോളന്റിയർമാർ കേരളത്തെ പ്രതിനിധാനം ചെയ്തു പങ്കെടുക്കുന്നത് നമുക്കേവർക്കും അഭിമാനകരമാണ്.
പരേഡിൽ പങ്കെടുക്കുന്ന സംഘത്തെ കൊല്ലം മാർ ബസേലിയോസ് മാത്യൂസ് എഞ്ചിനീയറിംഗ് കോളേജിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ദർശന എസ് ബാബു നയിക്കും. വിവിധ കോളേജുകളെ പ്രതിനിധീകരിച്ച് ഗൗരി എസ് (നിർമ്മല കോളേജ്, മൂവാറ്റുപുഴ), അനശ്വര വിനോദ് (ശ്രീനാരായണ ഗുരു കോളേജ്, ചേളന്നൂർ), മുഹമ്മദ് ലിയാൻ പി (യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം), സൂര്യലാൽ എൻ പി (കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോഴിക്കോട്), അഖിൽ രാജൻ (എൻ എസ് എസ് ഹിന്ദു കോളേജ്, ചങ്ങനാശേരി), ദേവിക മേനോൻ (കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, ചേലക്കര), അരുന്ധതി നമ്പ്യാർ (ഗവ. ലോ കോളേജ്, എറണാകുളം), അഞ്ജന കെ മോഹൻ (ടി കെ എം കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം), പി തരുൺ കുമാർ (വിദ്യാ അക്കാദമി ഓഫ് സയൻസ് & ടെക്നോളജി, തൃശ്ശൂർ), സജിൻ കബീർ (ഗവ. ആർട്സ് കോളേജ്, തിരുവനന്തപുരം) എന്നീ വിദ്യാർത്ഥികളാണ് പരേഡിൽ പങ്കെടുക്കുന്നത്.
രാജ്യശ്രദ്ധയിൽ കേരളം എന്ന പേര് വീണ്ടും മുഴക്കാൻ കാരണമായ കേരള എൻ എസ് എസ് ഘടകത്തിന് അഭിനന്ദനങ്ങൾ. കഴിഞ്ഞ വർഷത്തെ മികവിനെയും മറികടക്കുന്ന പ്രകടനം കാഴ്ചവെയ്ക്കാൻ യാത്രയാവുന്ന കർമ്മഭടർക്ക് ആശംസകൾ.