കാസർകോട്: മഞ്ചേശ്വരം കോഴക്കേസിൽ ക്രൈംബ്രാഞ്ച് കാസർകോട് ജില്ലാ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രനാണ് ഒന്നാം പ്രതി. ജില്ലാ സെഷൻസ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം നൽകിയിട്ടുള്ളത്. സുരേന്ദ്രന് എതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കേസിൽ സുരേന്ദ്രൻ ഉൾപ്പടെ ആറ് പേരാണ് പ്രതികൾ.
എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന വിവി രമേശൻ നൽകിയ പരാതിയിലാണ് ആദ്യം ലോക്കൽ പോലീസ് ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീടാണ് കോടതിയുടെ അനുമതിയോടെ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തത്. ബിഎസ്പി സ്ഥാനാർത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർതിത്ഥ്വം പിൻവലിക്കാൻ രണ്ടര ലക്ഷവും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.