തിരുവനന്തപുരം: ബലാത്സംഗം അടക്കമുള്ള കേസുകളിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സി.ഐ. പി.ആർ.സുനുവിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. തിങ്കളാഴ്ച സംസ്ഥാന പോലീസ് മേധാവിയാണ് സുനുവിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയത്. പോലീസ് ആക്ടിലെ 86-ാം വകുപ്പ് പ്രകാരമാണ് നടപടി. ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് പിരിച്ചുവിടുന്നത്. നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ഡിജിപി നിർദേശിച്ചിരുന്നെങ്കിലും സുനു പൊലീസ് ആസ്ഥാനത്ത് ഹാജരായില്ല. ഓൺലൈനിലൂടെ വിശദീകരണം കേട്ടശേഷമാണ് നടപടി.
പി.ആർ.സുനുവിനെ സർവീസിൽനിന്ന് പിരിച്ചുവിടാൻ ശുപാർശ ചെയ്ത് ഡിജിപി അനിൽകാന്ത് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരുന്നു. തൃക്കാക്കരയിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ മൂന്നാം പ്രതിയാണ് പി.ആർ.സുനു. സുനു പ്രതിയായ 6 ക്രിമിനൽ കേസുകളിൽ നാലെണ്ണം സ്ത്രീപീഡനത്തിൻ്റെ പരിധിയിലുള്ളതാണ്. കൊച്ചിയിലും കണ്ണൂരിലും തൃശൂരിലും ജോലി ചെയ്യുമ്പോൾ പൊലീസിന്റെ അധികാരം ഉപയോഗിച്ച് പീഡനത്തിന് ശ്രമിച്ചെന്നത് അതീവ ഗുരുതരമാണ്. 6 മാസം ജയിൽശിക്ഷ അനുഭവിച്ചു.