തിരുവനന്തപുരം: ലവ് ജിഹാദ് ആർ.എസ്.എസിൻ്റെ അജണ്ടയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. രാജ്യത്ത് ഇന്നും സ്ത്രീകൾ വെല്ലുവിളികൾ നേരിടുന്നു. രാജ്യത്ത് ഹിന്ദു രാഷ്ട്രം എന്ന ആർഎസ്എസ്-ബിജെപി അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നു. മനുസ്മൃതി രാജ്യത്തിൻ്റെ അടിസ്ഥാനമാക്കണമെന്നാണ് ആർഎസ്എസ് -ബിജെപി ശ്രമം. ആ അജണ്ടയുടെ ഭാഗമാണ് ലൗവ് ജിഹാദ്. ഇത്തരം അജണ്ടകൾക്കെതിരെ ശക്തമായി പോരാടണം എന്നും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ ദേശീയ സമ്മേളനത്തിലെ ആമുഖപ്രഭാഷണത്തിൽ ബൃന്ദാ കാരാട്ട് പറഞ്ഞു.
ബിൽക്കിസ് ബാനു കേസിലെ പ്രതികളെ ഗുജറാത്ത് ഗവൺമെന്റ് റിലീസ് ചെയ്തു. രാജ്യത്ത് സ്ത്രീകൾക്ക് സുരക്ഷയില്ലാത്ത അവസ്ഥയാണുള്ളത്. ഇന്ത്യയിൽ നിരവധി സ്ത്രീകൾ പീഡനത്തിന് ഇരയാകുന്നു.അവിടെയാണ് മനുസ്മൃതി അടിസ്ഥാനമാക്കാൻ ശ്രമിക്കുന്നത് എന്നും ബൃന്ദാ കാരാട്ട് കൂട്ടിച്ചേർത്തു.
വർഷങ്ങൾക്ക് മുൻപ് ലവ് ജിഹാദ് കോലാഹലങ്ങൾ ഉണ്ടായിരുന്നെങ്കിൽ താനുണ്ടാവില്ലായിരുന്നുവെന്ന് നർത്തകിയും ആക്റ്റിവിസ്റ്റുമായ മല്ലികാ സാരാഭായ്. ലവ് ജിഹാദ് കോലാഹലങ്ങൾ ഇല്ലാത്തതിനാലാണ് തൻ്റെ പൂർവികർ ഒന്നിച്ചത്. തൻ്റെ മുത്തശ്ശനും മുത്തശ്ശിയും അച്ഛനും അമ്മയും അങ്ങനെയാണ്. മക്കളോട് മറ്റു വിഭാഗങ്ങളിൽ നിന്ന് വിവാഹം കഴിക്കരുതെന്ന് മാതാപിതാക്കൾ പറയരുതെന്നും മല്ലികാ സാരാഭായ് പറഞ്ഞു.
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ ദേശിയ സമ്മേളനത്തിന് അഖിലേന്ത്യാ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ പതാക ഉയർത്തിയതോടെ തിരുവനന്തപുരത്ത് തുടക്കമായി. കലാമണ്ഡലം കൽപ്പിത സർവകലാശാലയുടെ ചാൻസലർ മല്ലികാ സാരാഭായി സമ്മേളനം ഉദ്ഘാടനം ചെയ്തു. സാമൂഹിക മാറ്റത്തിന് സ്ത്രീകൾ മുന്നിട്ടിറങ്ങണമെന്നും തുല്ല്യതക്കും നീതിക്കും വേണ്ടി പോരാടണമെന്നും അവർ ആവശ്യപ്പെട്ടു.
25 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 850 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 36 വർഷങ്ങൾക്ക് ശേഷം കേരളം വേദിയാകുന്ന അഖിലേന്ത്യാ സമ്മേളനം തിങ്കളാഴ്ച്ച ഒരു ലക്ഷം സ്ത്രീകൾ പങ്കെടുക്കുന്ന പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.