തിരുവനന്തപുരം: വർക്കല എം.എൽ.എ വി.ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി. ജില്ലാ സെക്രട്ടറിയായ ആനാവൂർ നാഗപ്പൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സാഹചര്യത്തിലാണ് ജോയ് ആ സ്ഥാനത്തേക്ക് എത്തുന്നത്. വി ജോയിയെ ജില്ലാ സെക്രട്ടറിയായി തീരുമാനിക്കാൻ ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും ചേരും. ജില്ലാ സെക്രട്ടറിയേറ്റിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുക്കും. നിലവിൽ സംസ്ഥാന കമ്മിറ്റി അംഗവും വർക്കല എംഎൽഎയുമാണ് വി ജോയ്.
വ്യാഴാഴ്ച രാവിലെ എ.കെ.ജി സെന്ററിൽ ചേർന്ന ജില്ലയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രത്യേക യോഗത്തിലാണ് തീരുമാനമുണ്ടായത്. ഈ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പങ്കെടുത്തു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം, അഴൂർ പഞ്ചായത്ത് അംഗം, ചിറയൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, കേരള സർവകലാശാല സെനറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.