തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിനായി മദർ-ന്യൂബോൺ കെയർ യൂണിറ്റ് (എം.എൻ.സി.യു) കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ സജ്ജമായി. ജനുവരി രണ്ടിന് ഉച്ചയ്ക്ക് 1.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും.
ഈ സംരംഭ നവജാതശിശു ചികിത്സാ രംഗത്തെ നാഴികക്കല്ലാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. നവജാത ശിശുക്കളുടെ പരിചരണത്തിൽ അമ്മമാരുടെ സാന്നിധ്യം ഉറപ്പാക്കികൊണ്ടുള്ള ചികിത്സാ പദ്ധതിയാണ് എം.എൻ.സി.യു. ആഗോളതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു നൂതന ആശയമാണിത്. ഇതിലൂടെ മാതൃശിശു ബന്ധം ഊട്ടിയുറപ്പിക്കുന്നതിനോടൊപ്പം, നവജാത ശിശു പരിചരണവും, കരുതലും, മുലയൂട്ടലും, കൂടുതൽ ശക്തമാകുന്നു. ഇതിലൂടെ കുഞ്ഞിൻ്റെ വേഗത്തിലുള്ള രോഗമുക്തിയും കുറഞ്ഞ ആശുപത്രി വാസവും ഉറപ്പാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിൽവിരലിലെണ്ണാവുന്ന കേന്ദ്രങ്ങളിൽ മാത്രമേ ഈ സംവിധാനം നിലവിലുള്ളൂ. കുഞ്ഞുങ്ങളുടെ പരിചരണത്തിൽ അമ്മമാരുടെ പങ്കാളിത്തം ഉറപ്പാക്കികൊണ്ടുള്ള ചികിത്സയാണിത്. ഈ ആശയത്തിൻ്റെ ചുവടു പിടിച്ചാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ നവജാതശിശു വിഭാഗത്തിൽ ഈ പദ്ധതി ആരംഭിക്കുന്നത്. ആധുനിക സൗകര്യങ്ങളോട് കൂടിയ എം.എൻ.സി.യു.യിൽ 8 കിടക്കകളുണ്ട്..
ഉത്തര കേരളത്തിൽ പൊതുജനാരോഗ്യ മേഖലയിലെ പ്രധാന റഫറൽ സെന്ററാണ് മാതൃശിശു സംരക്ഷണ കേന്ദ്രം. പ്രതിവർഷം അയ്യായിരത്തോളം നവജാത ശിശുക്കളെ ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സിക്കുന്നു. ഇവിടെ നിയോനാറ്റോളജി വിഭാഗം പുതുതായി ആരംഭിച്ചു. ലക്ഷ്യ സർട്ടിഫിക്കേഷനും മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവും നേടിയ ആശുപത്രിയാണിത്. മുലപ്പാൽ ബാങ്കും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ജനനം മുതൽ 28 ദിവസം വരെയുള്ള നവജാത ശിശുക്കളുടെ പ്രത്യേക തീവ്ര പരിചരണം ഇവിടെ ലഭ്യമാകും. മാസം തികയാത്ത തൂക്ക കുറവുള്ള ശിശുക്കളുടെ വെന്റിലേറ്റർ അടക്കമുള്ള തീവ്ര പരിചരണ സംവിധാനം സജ്ജമാണ്. പീഡിയാട്രിക് സർജറി വിഭാഗത്തിൻ്റെ സഹകരണത്തോടെ സങ്കീർണമായ ശസ്ത്രക്രിയാ സജ്ജികരണങ്ങളും ഇവിടെയുണ്ട്.