കൊച്ചി: എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലെ പുതിയ ലിഫ്റ്റ് ഉടനെ പ്രവർത്തന സജ്ജമാകുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേശ് മോഹൻ അറിയിച്ചു. 20 വർഷം പഴക്കമുള്ള ലിഫ്റ്റ് പ്രവർത്തന രഹിതമായതിനെ തുടർന്ന് മൃതദേഹം ചുമന്നിറക്കി എന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് സൂപ്രണ്ടിൻ്റെ പ്രതികരണം.
ആധുനികമായ പുതിയ ലിഫ്റ്റ് പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം സ്ഥാപിച്ചു കഴിഞ്ഞു. 2020–21 സാമ്പത്തിക വർഷത്തിൽ മെഡിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് സമർപ്പിച്ച നിർദേശ പ്രകാരം അനുവദിച്ച 1,65,00,000 രൂപ ഉപയോഗിച്ചാണ് 26 പേർക്ക് കയറാവുന്ന നാല് വലിയ (പാസഞ്ചർ ബെഡ്) ലിഫ്റ്റ് സ്ഥാപിച്ചിരിക്കുന്നത്.
പണി പൂർത്തിയാക്കി പരിശോധനയും കഴിഞ്ഞു. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൻ്റെ പരിശോധന പൂർത്തിയാക്കി ലൈസൻസ് ലഭിക്കാനുള്ള കാലതാമസം മാത്രമാണ് ഇനിയുള്ളത്. ഈ നടപടിയും അന്തിമഘട്ടത്തിലാണ്. ഒരാഴ്ചയ്ക്കുള്ളിൽ ലൈസൻസ് ലഭിക്കുമെന്ന് കരുതുന്നതായും ഡോ. ഗണേഷ് മോഹൻ പറഞ്ഞു.