ഇന്ത്യയിലെ 90 ശതമാനം റബ്ബറും ഉൽപ്പാദിപ്പിക്കുന്ന കേരളത്തിലെ റബ്ബർ കൃഷിയെ തകർക്കുന്നതിന് നീതി ആയോഗിൻ്റെ ഗൂഢപദ്ധതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു കൊണ്ടിരിക്കുകയാണെന്ന് ഡോ. ടി.എം തോമസ് ഐസക് .
റബ്ബർ മേഖല ഇനി പ്രോത്സാഹനം ആവശ്യമില്ലാത്തവിധം വളർന്നൂവെന്നും അതുകൊണ്ട് റബ്ബർ ബോർഡിന് ഇനി പ്രസക്തിയില്ലെന്നുമാണ് നിതി ആയോഗിൻ്റെ നിഗമനം.
കേരളത്തിലെ റബ്ബറിൻ്റെ ശനിദശ ആരംഭിച്ചത് ആസിയാൻ കരാറോടെയാണെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി.
ഇന്ത്യയ്ക്കു വലിയ നേട്ടമുണ്ടാക്കുമെന്നു പറഞ്ഞാണ് തെക്കു-കിഴക്കൻ ഏഷ്യയിലെ രാജ്യങ്ങളുമായി സ്വതന്ത്രവ്യാപാര കരാറിൽ കോൺഗ്രസ് സർക്കാർ ഒപ്പുവച്ചത്. ഇന്ത്യയ്ക്കു നേട്ടങ്ങളുണ്ടായി. നമ്മുടെ സോഫ്റ്റ് വെയറിൻ്റെയും മരുന്നുപോലുള്ള ഉൽപ്പന്നങ്ങളുടെയും ഈ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഗണ്യമായി ഉയർന്നു. അതേസമയം തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ അതേ ഭൂപ്രകൃതിയുള്ള കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് കരാർ തിരിച്ചടിയുമായി. അവിടെനിന്നു റബ്ബറും മറ്റു വാണിജ്യ വിളകളും ഇന്ത്യയിലേക്ക് വലിയതോതിൽ ഇറക്കുമതി ചെയ്യപ്പെട്ടു. ഇതാണ് റബ്ബറിൻ്റെ വിലത്തകർച്ചക്കും റബ്ബർ കൃഷിക്കാർ നേരിടുന്ന കടുത്ത പ്രതിസന്ധിക്കും വഴിയൊരുക്കിയത്.
മൻമോഹൻ സിംഗ് ഉദാരവൽക്കരണ നയങ്ങൾ ആവിഷ്കരിക്കുന്നതിനു മുമ്പ് ഇന്ത്യ സ്വീകരിച്ചിരുന്നത് നെഹ്റുവിൻ്റെ വികസന നയമായിരുന്നു. ബ്രട്ടീഷ് ഭരണകാലത്തുനിന്നും വ്യത്യസ്തമായി റബ്ബറിൻ്റെ ഇറക്കുമതി നിരോധിച്ചു. ഇറക്കുമതി ചെയ്യുന്നതിനു പകരം റബ്ബർ ഇന്ത്യയിൽ തന്നെ ഉൽപ്പാദിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചു. ഇതിനായി റബ്ബർ ബോർഡും സ്ഥാപിച്ചു. റബ്ബർ കൃഷിക്കുള്ള ഏറ്റവും വലിയ പ്രോത്സാഹനം റബ്ബറിനു ലഭിച്ചുകൊണ്ടിരുന്ന നല്ല വിലയായിരുന്നു. അന്തർദേശീയ വിലയേക്കാൾ 50 ശതമാനം വരെ ഉയർന്ന വില കേരളത്തിൽ റബ്ബറിനു ലഭിച്ചു. ഇതാണ് മലയോര പ്രദേശങ്ങളിലുടനീളം റബ്ബർ കൃഷിയിലേക്ക് ആളുകളെ ആകർഷിച്ചത്. റബ്ബർ ആയിരുന്നു ഏറ്റവും ലാഭകരമായ കൃഷി. മധ്യതിരുവിതാംകൂർ മേഖല വിട്ട് റബ്ബറിന് അത്ര അനുയോജ്യമല്ലാത്ത മലബാറിലേക്കും തെക്കൻ തിരുവിതാംകൂറിലേക്കും റബ്ബർ കൃഷി വ്യാപിച്ചു.
റബ്ബറിനു ലഭിച്ച ഈ പരിഗണനയ്ക്കെതിരെ എക്കാലവും ടയർ ലോബി ഉപജാപങ്ങൾ നടത്തിയിട്ടുണ്ട്. വിദേശത്തു നിന്നും റബ്ബർ ഇറക്കുമതി ചെയ്യാൻ അനുവദിച്ചാൽ രാജ്യത്തെ റബ്ബറിന്റെ വില കുറയുമെന്നും അതുവഴി ടയറിൻ്റെ കയറ്റുമതി വർദ്ധിപ്പിക്കാനാകുമെന്നുമായിരുന്നു അവരുടെ വാദം. രാജ്യത്തെ ദശലക്ഷക്കണക്കിനു വരുന്ന റബ്ബർ കൃഷിക്കാരേക്കാൾ കൈവിരലിൽ എണ്ണാവുന്ന ടയർ വ്യവസായികളുടെ താൽപ്പര്യം ആധിപത്യം നേടിയതിൻ്റെ തെളിവായിരുന്നു ആസിയാൻ കരാർ.
ഇറക്കുമതി നിയന്ത്രണങ്ങൾ നീക്കം ചെയ്തതോടെ ഇന്ത്യയിലെ റബ്ബറിൻ്റെ വിലയും അന്തർദേശീയ വിലയും ഒരുപോലെയായി. റബ്ബറിന്റെ വിലയിടിഞ്ഞു. ഇതോടെ ഉൽപ്പാദനക്ഷമത കുറഞ്ഞ പ്രദേശങ്ങളിലെ റബ്ബർ കൃഷി വലിയ നഷ്ടമായി. റബ്ബർ വെട്ടിമാറ്റി റീ-പ്ലാന്റ് ചെയ്യുന്നതിനു കൃഷിക്കാർ മടിച്ചു. ഇത് വീണ്ടും ഉൽപ്പാദന ക്ഷമത കുറച്ചു. റബ്ബർ കൃഷി കൂടുതൽ അനാദായകരമായി.
ആസിയാൻ കരാർ രാജ്യതാൽപ്പര്യത്തിനാണെന്നും അതുവഴി വലിയനേട്ടം രാജ്യത്തിന് ഉണ്ടാകുമെന്നുമാണ് കോൺഗ്രസ് വാദിച്ചത്. എങ്കിൽ രാജ്യത്തിനു കിട്ടിയ വലിയ നേട്ടത്തിൻ്റെ ഒരു ഭാഗം നഷ്ടം നേരിട്ട കേരളത്തിലെ റബ്ബർ കൃഷിക്കാർക്കു നൽകണമായിരുന്നു. കേരളത്തിലെ റബ്ബർ കൃഷിക്കാരോടുള്ള വിവേചനത്തിനു യുഡിഎഫ് മറുപടി പറഞ്ഞേ തീരൂ.
ഇന്നിപ്പോൾ ബിജെപി ഈ നയം മുന്നോട്ട് കൊണ്ടുപോവുകയാണ്. നഷ്ടപരിഹാരം ഇല്ലെന്നു മാത്രമല്ല, ഉള്ള സഹായങ്ങളും നിർത്തുകയാണ്. ദേശീയ നയത്തിൻ്റെ ഭാഗമായിട്ടാണ് സ്വയംപര്യാപ്തത ലക്ഷ്യമിട്ടുകൊണ്ട് നമ്മുടെ മലയോരങ്ങളിലെല്ലാം റബ്ബർ വച്ചുപിടിപ്പിച്ചത്. അവരെ തകർച്ചയുടെ കയത്തിലേക്കു തള്ളിവിട്ട് വടക്കു-കിഴക്കൻ പ്രദേശങ്ങളിൽ റബ്ബർ വച്ചുപിടിപ്പിക്കാനുള്ള വലിയൊരു ആസൂത്രിത പദ്ധതി തയ്യാറാക്കുകയാണ് കേന്ദ്ര സർക്കാർ.
ഈ പുതിയ വികസനതന്ത്രം നടപ്പാക്കുന്നതിനു കേരളം അടക്കം പങ്കാളിത്തമുള്ള താരതമ്യേന സ്വതന്ത്രമായ ഒരു റബ്ബർ ബോർഡിനേക്കാൾ നല്ലത് വാണിജ്യ മന്ത്രാലയത്തിൻ്റെ പ്ലാന്റേഷൻ വിഭാഗമായിരിക്കുമെന്നാണു കേന്ദ്ര സർക്കാർ കരുതുന്നത്. റീ-പ്ലാന്റിംഗ് സബ്സിഡിയും നിർത്തലാക്കി.
ഇന്ത്യയിൽ കൊടുത്തുകൊണ്ടിരുന്ന സബ്സിഡി തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ നൽകുന്നതിനേക്കാൾ വളരെ കുറവാണ്. അതുപോലും ഇല്ലാതാക്കുകയാണ്. പുതിയ പ്ലാന്റേഷനുകൾക്കുള്ള സഹായം കേരളത്തിനു ഇനി ലഭിക്കാൻ സാധ്യതയില്ലെന്നാണ് ഇത് കാണിക്കുന്നത്. റബ്ബറിനു നീക്കിവയ്ക്കുന്ന പണം മുഴുവൻ പുതിയ പ്ലാന്റേഷനുകൾ വികസിപ്പിക്കുന്നതിനു വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾക്കു നൽകുകയാണ്. കേരളത്തെ മുച്ചൂടും മുടിക്കുന്ന ഈ കേന്ദ്ര നീക്കത്തിനെതിരെ കേരളം ശക്തമായി പ്രതികരിക്കണമെന്ന് തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.
https://www.facebook.com/thomasisaaq/posts/pfbid02hRbKVQfnWBQg88hgmizf25cZNyqXtTGYvJLxLERUBGZNp8BsDEhiSpjZwU4PDUsgl