കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പൊതു ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ജില്ലകൾക്ക് പ്രത്യേകം ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്നും ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങൾ വരുന്നു എന്നതിനാൽ ജാഗ്രത ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ല.
ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായോയെന്ന് സംസ്ഥാന തലത്തിൽ പരിശോധിക്കും. കൂടുതൽ സാംപിളുകളിൽ ജനിതകശ്രേണീകരണ പരിശോധന നടത്തുമെന്നും ഇതിനായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വാക്സിനേഷൻ സെന്ററുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും അത് ഉപയോഗപ്പെടുത്തണമെന്നും മന്ത്രി ഓർമപ്പെടുത്തി.
ചൈനയെ അപേക്ഷിച്ച് കേരളത്തിൽ വാക്സിനേഷനിലൂടെയുള്ള കൊവിഡ് പ്രതിരോധ ശേഷി കൂടുതലാണ്. 101.02 % പേർ ഒന്നാം ഡോസ് വാക്സിനും, 88.55 % പേർ രണ്ടാം ഡോസ് വാക്സിനും, മുന്നണി പോരാളികളിൽ 19.30 % പേർ കരുതൽ ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. കൗമാരക്കാരുടെയും, കുട്ടികളുടെയും വാക്സിനേഷനിലും സംസ്ഥാനം മുന്നിൽ. 15-17 വയസ് പ്രായക്കാരിൽ, 84.16% ഒന്നാം ഡോസും, 57.12 % പേർക്ക് രണ്ടാം ഡോസും നൽകി. 12-14 പ്രായക്കാരിൽ 64.8% ഒന്നാം ഡോസും, 24.97% പേർ രണ്ടാം ഡോസും സ്വീകരിച്ചു.
സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി. കേന്ദ്ര സർക്കാരിൻ്റെ നിർദേശം ലഭിക്കുന്ന മുറയ്ക്ക് വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധന ആരംഭിക്കും. അതിനിടെ കൊവിഡ് ഉപവകഭേദം ഇന്ത്യയിലും റിപ്പോർട്ട് ചെയ്തു. ചൈനയിലെ കൊവിഡ് വ്യാപനത്തിന് കാരണമായ കൊവിഡ് ബിഎഫ് 7 എന്ന വകഭേദമാണ് ഇന്ത്യയിലും കണ്ടെത്തിയത്. കൊവിഡ് വകഭേദമായ ഒമിക്രോണിൻ്റെ ഉപവകഭേദമാണ് ബിഎഫ് 7. ഗുജറാത്തിലും ഒറീസ്സയിലുമാണ് പുതിയ ഉപവകഭേദം കണ്ടെത്തിയത്. ഗുജറാത്തിൽ രണ്ടു പേർക്കും ഒറീസ്സയിൽ ഒരാൾക്കുമാണ് കൊവിഡ് ഉപവകഭേദം സ്ഥിരീകരിച്ചത്.