ചാരുംമൂട്ടിൽ 500 രൂപയുടെ കള്ളനോട്ടുകൾ പിടിച്ച കേസിൽ ബിജെപി നേതാവുൾപ്പെടെ മൂന്നുപേർകൂടി പിടിയിൽ. അച്ചടി ഉപകരണങ്ങളും 4.5 ലക്ഷം രൂപയുടെ കള്ളനോട്ടും പിടിച്ചെടുത്തു. പിടിച്ചെടുത്ത നോട്ട് പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയക്കും. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസ് എൻഐഎയ്ക്ക് കൈമാറണോ എന്ന് തീരുമാനിക്കുമെന്ന് പോലീസ് പറഞ്ഞു.
നോട്ട് അച്ചടിച്ച തിരുവനന്തപുരം നേമം പുതിയകാരക്കാമണ്ഡപം ശിവൻകോവിൽ റോഡിൽ സ്വാഹിദ് വീട്ടിൽ ശ്യാം ആറ്റിങ്ങൽ എന്ന ഷംനാദ് (40), നോട്ടിൻ്റെ സ്കാനിങ്ങും ഡിസൈനിങ്ങും നടത്തി അച്ചടിക്ക് സഹായിച്ച കൊട്ടാരക്കര വാളകം വില്ലേജിൽ പാണക്കാട് വീട്ടിൽ ശ്യാം ശശി (29), ചാരുംമൂട് മേഖലയിലെ മുഖ്യ ഇടപാടുകാരനായ മാവേലിക്കര ചുനക്കര കോമല്ലൂർ വേളൂർവീട്ടിൽ രഞ്ജിത്ത് (49) എന്നിവരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ നൂറനാട് സി ഐ പി ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. ബിജെപി ചുനക്കര പഞ്ചായത്ത് മുൻ സെക്രട്ടറിയാണ് രഞ്ജിത്ത്. നോട്ടടിക്കാൻ ഉപയോഗിച്ചിരുന്ന ലാപ്ടോപ്, പ്രിന്റർ, പേപ്പർ, ലാമിനേറ്റർ, പ്രത്യേകതരം പശ എന്നിവയും നോട്ട് സൂക്ഷിച്ചിരുന്ന കാറും ഇതിലുണ്ടായിരുന്ന നാലരലക്ഷത്തോളം രൂപയുടെ കള്ളനോട്ടും പിടിച്ചെടുത്തു.
സിനിമയിലും സീരിയലിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുള്ളയാളാണ് മുഖ്യപ്രതിയായ ഷംനാദ്. ഈസ്റ്റ് കല്ലട പഞ്ചായത്ത് മുൻ പ്രസിഡന്റ് കൊടുവിളമുറിയിൽ ക്ലീറ്റസ് (45), താമരക്കുളം പേരൂർക്കാരാണ്മ അക്ഷയ് നിവാസിൽ ലേഖ (38) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് അന്വേഷണം ഷംനാദിലെത്തിയത്.
2000, 500, 200 നോട്ടുകളാണ് അച്ചടിച്ചിരുന്നത്. 500 ൻ്റെയും 200 ൻ്റെയും നോട്ടുകളാണ് കൂടുതൽ അടിച്ചിരുന്നത്. സൂഷ്മനോട്ടത്തിലേ ഇത് തിരിച്ചറിയാൻ കഴിയൂ എന്ന് പോലീസ് പറഞ്ഞു. അന്ധർക്ക് നോട്ട് തിരിച്ചറിയാനുള്ള ത്രീഡി എഫക്ട് മാത്രമാണ് കള്ളനോട്ടിൽ ഇല്ലാത്തത്.