കൊച്ചി: ഭരണഘടനയെ അപമാനിക്കുന്ന പരാമർശങ്ങൾ മുൻ മന്ത്രി സജി ചെറിയാൻ നടത്തിയിട്ടില്ലെന്ന് പോലീസ്. സജി ചെറിയാനെതിരായ കേസ് അന്വേഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. തിരുവല്ല ഡിവൈഎസ്പിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ഭരണകൂടങ്ങൾ ഭരണഘടനയെ ഉപയോഗിച്ച് തൊഴിലാളി വർഗത്തെ ചൂഷണത്തിന് വിധേയമാക്കുന്നു എന്ന് വിമർശനാത്മകമായി പ്രസംഗിച്ചതാണ്. പോലീസിന് കിട്ടിയ ജില്ലാ പ്ലീഡറുടെ നിയമോപദേശത്തിലും ഏതൊരു പൗരനും ഭരണഘടനയെ വിമർശിക്കാൻ അവകാശമുണ്ടെന്ന് പറയുന്നുണ്ട്. പ്ലീഡറുടെ നിയമോപദേശം അടക്കം വിശദമായ റിപ്പോർട്ടാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്. പരിപാടിയിൽ പങ്കെടുത്തവരുടെ സാക്ഷി മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. പരാതിക്കാർ ആരും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തിട്ടില്ല. സോഷ്യൽ മീഡിയ വഴിയും മാധ്യമങ്ങളിലൂടെയും കണ്ട കാര്യങ്ങൾ മാത്രമാണ് പരാതിക്കാർക്ക് അറിയുന്നതെന്നും പോലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഇക്കഴിഞ്ഞ ആറിനാണ് റിപ്പോർട്ട് സമർപ്പിച്ചത്.