ബത്തേരി കോഴക്കേസിൽ കെ സുരേന്ദ്രൻ ശിക്ഷിക്കപ്പെടും എന്ന് പ്രസീത അഴീക്കോട്. ശരിയായ ദിശയിലാണ് അന്വേഷണം നടന്നത് എന്നും കെ സുരേന്ദ്രൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്നും പ്രസീത അഴീക്കോട് പറഞ്ഞു.
അതോടൊപ്പം വേഗത്തിൽ കുറ്റപത്രം തയ്യാറായതിൽ സന്തോഷം ഉണ്ടെന്നും തൻ്റെ വെളിപ്പെടുത്തലുകൾ സത്യമെന്ന് തെളിഞ്ഞു എന്നും പ്രസീത കൂട്ടിച്ചേർത്തു. കെ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം, തന്നെ ആർ എസ് എസ്സുകാർ നിരന്തരം ഭീഷണിപ്പെടുത്തുന്നു എന്നും പ്രസീത പറഞ്ഞു.
എൻഡിഎ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന് ബിജെപി നേതാക്കൾ 35 ലക്ഷംരൂപ കോഴ നൽകിയ കേസിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം അവസാനഘട്ടത്തിലെത്തിയത്. കേസിൽ സി കെ ജാനു വയനാട്ടിലെ ബിജെപി നേതാവ് പ്രശാന്ത് മലവയൽ എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയാകാനാണ് സി കെ ജാനുവിന് കോഴ നൽകിയത്. ഫോറൻസിക് പരിശോധനയുടെ ഒരു ഫലംകൂടി ലഭിക്കാനുണ്ട്. ഇത് ലഭിച്ചാലുടൻ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.
കേസിൽ, തെളിവായ ഫോൺ സംഭാഷണം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റേതാണെന്ന ഫോറൻസിക് ലാബിലെ പരിശോധനാ ഫലം കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് രണ്ടുമാസംമുമ്പ് ലഭിച്ചിരുന്നു. ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടുമായുള്ള സുരേന്ദ്രൻ്റെ ഫോൺ സംഭാഷണമാണ് ഫോറൻസിക് പരിശോധിച്ചത്. ബത്തേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം നടത്തിയ പരിശോധനയിലാണ് ശബ്ദം സുരേന്ദ്രൻ്റെത് തന്നെയാണെന്ന് തെളിഞ്ഞത്.
കെ സുരേന്ദ്രൻ ഒന്നാം പ്രതി; തെരഞ്ഞെടുപ്പ് കോഴ നൽകിയ കേസിൽ കുറ്റപത്രം ഉടൻ