തിരുവനന്തപുരം: ആൾദൈവം ചമഞ്ഞ് കുടുംബത്തെ കബളിപ്പിച്ച് സ്വർണ്ണവും പണവും തട്ടിയെടുത്ത് യുവതിയും സംഘവും. തിരുവനന്തപുരം വെള്ളായണിയിലാണ് സംഭവം. വെള്ളായണി സ്വദേശിയായ വിശ്വംഭരൻ്റെ കുടുംബത്തെ കബിളിപ്പിച്ച് സംഘം തട്ടിയത് 55 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയുമാണ്.
കുടുംബത്തിലെ ശാപം മാറ്റാം എന്ന വ്യാജേനയാണ് കളിയിക്കാവിള സ്വദേശിനിയായ വിദ്യയും സംഘവും വിശ്വംഭരൻ്റെ കുടുംബത്തെ സമീപിച്ചത്. തെറ്റിയോട് ദേവിയെന്നാണ് ഇവർ സ്വയം അവകാശപ്പെടുന്നത്. 2021ലാണ് വിദ്യയും സംഘവും പൂജക്കായി വിശ്വംഭരൻ്റെ വീട്ടിലെത്തിയത്. സ്വർണവും പണവും പൂജാമുറിയിലെ അലമാരയിൽ പൂട്ടിവച്ച് പൂജിച്ചാൽ ഫലം ലഭിക്കുമെന്നാണ് വിശ്വംഭരൻ്റെ കുടുംബത്തെ വിദ്യ പറഞ്ഞ് വിശ്വസിപ്പിച്ചത്.
ഇത് അനുസരിച്ച് വിശ്വംഭരൻ പണവും സ്വർണവും പൂജാമുറിയിലെ അലമാരയിൽ വച്ച് പൂട്ടി. പതിനഞ്ച് ദിവസം കഴിഞ്ഞ് തുറന്നാൽ മതിയെന്ന നിർദേശവും വിദ്യ നൽകി. 15 ദിവസത്തിന് മുൻപ് കയറിയാൽ ഇരട്ടത്തലയുള്ള പാമ്പ് കടിക്കുമെന്നും വിശ്വസിപ്പിച്ചു. എന്നാൽ 15 ദിവസം കഴിഞ്ഞപ്പോൾ വിദ്യ വന്നില്ല. വിവരം അന്വേഷിച്ചപ്പോൾ ശാപം അവസാനിക്കാറായിട്ടില്ലെന്നും മൂന്നു മാസം കൂടി കാത്തിരിക്കാനായിരുന്നു നിർദേശം.
മൂന്ന് മാസം കഴിഞ്ഞ് ഒരു വർഷമായപ്പോൾ വിശ്വംഭരൻ സംശയം തോന്നി അലമാര തുറന്നപ്പോൾ സ്വർണവുമില്ല, പണവുമില്ല. ഇതോടെ കബളിപ്പിക്കപ്പെട്ടെന്ന് ബോധ്യപ്പെട്ടു. തുടർന്ന് വിദ്യയെ വിളിച്ച് സ്വർണവും പണവും തിരികെ ചോദിച്ചപ്പോൾ കുടുംബത്തെ ഒന്നാകെ കുരുതി കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിശ്വംഭരൻ പരാതിയിൽ പറയുന്നു.