തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മ കോടതിയിൽ മൊഴിമാറ്റി. പോലീസ് നിർബന്ധിച്ച് കുറ്റസമ്മതം നടത്തിച്ചെന്നാണ് മജിസ്ട്രേറ്റിന് രഹസ്യ മൊഴി നൽകിയത്. നെയ്യാറ്റിൻകര രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുമ്പാകെയാണ് രഹസ്യമൊഴി നൽകിയത്. അമ്മയെയും അമ്മാവനെയും ഒഴിവാക്കാമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും ഇത് വിശ്വസിച്ചാണ് കുറ്റമേറ്റതെന്നുമാണ് പുതിയ മൊഴി. ഷാരോണിനെ കൊലപ്പെടുത്തിയെന്ന് നേരത്തെ ഗ്രീഷ്മ കുറ്റസമ്മതം നടത്തിയിരുന്നു.
ഇന്നലെ ഉച്ചയോടെ ആയിരുന്നു അട്ടക്കുളങ്ങര വനിത ജയിലിൽ നിന്ന് അന്വേഷണസംഘം ഗ്രീഷ്മയുമായി നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിൽ എത്തിയത്. അഭിഭാഷകനുമായി രണ്ട് മിനിറ്റ് തനിച്ച് സംസാരിക്കാൻ ഗ്രീഷ്മക്ക് അവസരം നൽകിയ പോലീസ് രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിൻ്റെ മുറിയിൽ എത്തിച്ചു. പെൻ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തണമോ എന്ന മജസ്ട്രേറ്റിൻ്റെ ചോദ്യത്തിന് ഗ്രീഷ്മ വേണമെന്ന് മറുപടി നൽകിയതോടെ വീഡിയോ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയാണ് മജിസ്ട്രേറ്റിൻ്റെ മുറിയിൽ വച്ച് രഹസ്യമൊഴി രേഖപ്പെടുത്തിയത്.