തിരുവനന്തപുരം: വയനാട്ടിലെ മേപ്പാടി പോളി ടെക്നിക് കോളേജില്‍ യൂണിയന് തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും വിദ്യാര്‍ത്ഥിയുമായ അപര്‍ണ ഗൗരിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അപര്‍ണ ഗൗരിയെ ആക്രമിച്ചത് മുപ്പതോളം വരുന്ന യുഡിഎസ്എഫ് പ്രവര്‍ത്തകരാണ്. ലഹരി സംഘങ്ങള്ക്കെതിരെയുളള അപര്‍ണയുടെ നിലപാടാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമവിരുദ്ധമായി മയക്കുമരുന്ന് എത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഒ ആര് കേളു എംഎല്‍എയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
അപര്‍ണ്ണ ഗൗരി നേരത്തെ കോളേജിലെ ഇത്തരം സംഘങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പെണ്‍കുട്ടിയാണ്. തെരഞ്ഞെടുപ്പ് ദിവസത്തില്‍ കരുതിക്കൂട്ടിയുള്ള ചില പ്രശ്നങ്ങള്‍ നടന്നപ്പോള്‍ അതിനെതിരെ നിലപാടെടുത്ത അപര്‍ണ്ണയെ 30 ഓളം വരുന്ന യുഡിഎസ്എഫ് പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥിസംഘം അസഭ്യം പറയുകയും ഹീനമായി മര്‍ദ്ദിക്കുകയും ചെയ്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വസ്ത്രം വലിച്ചുകീറുകയും കഴുത്ത് ഞെരിക്കുകയും, തല ചുമരിലിടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്തു. ആ പെണ്‍കുട്ടിക്കെതിരെ സംഘം ചേര്‍ന്ന് നടത്തിയ ആക്രമണത്തിൻ്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടുണ്ട്. അപര്‍ണ്ണ ഗൗരി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മേപ്പാടി പോളിടെക്നിക് കോളേജിൽ ഇന്ന് അധ്യാപക രക്ഷാകർതൃ സമിതി യോഗം ചേരുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ 5 വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താക്കാൻ കോളേജ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ക്യാമ്പസിലെ ട്രാബിയോക് എന്ന വാട്സപ്പ് കൂട്ടായ്മ നിരോധിക്കാനും തീരുമാനമുണ്ട്.