ശബരിമല: മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ തീർത്ഥാടകർക്ക് വലിയ രീതിയിലുള്ള സുരക്ഷയൊരുക്കാനൊരുങ്ങി വനംവകുപ്പ്. തയ്യാറെടുപ്പിൻ്റെ ഭാഗമായി ശബരിമലയിൽ നിന്നും 75 പന്നികളെ വനംവകുപ്പ് നാടുകടത്തി. 61 പാമ്പുകളേയും പിടികൂടി. വലിയ കൂടുകളിലായാണ് പന്നികളെ പിടികൂടിയത്. പിടികൂടിയ പന്നികളെ ഗവി ഭാഗത്തായാണ് തുറന്ന് വിട്ടിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
എരുമേലി, പുൽമേട് തുടങ്ങിയ കാനനപാതകളിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഉപകരണങ്ങളുമായാണ് സദാസമയവും വനംവകുപ്പിൻ്റെ നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഇടത്താവളങ്ങളിലെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി എലിഫന്റ് സ്ക്വാഡ്, സ്നേക്ക് സ്ക്വാഡ് തുടങ്ങിയ വിഭാഗങ്ങളിൽ പ്രത്യേകം ട്രെയിനിങ്ങ് ലഭിച്ച ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാണെന്ന് വനംവകുപ്പ് അറിയിച്ചു.
ഇതിന് പുറമെ, രാത്രിയിൽ വനാതിർത്തികളിൽ പ്രത്യേക സ്ക്വാഡുകളുടെ സുരക്ഷ പെട്രോളിങ്ങും നടത്തുന്നുണ്ട്. വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയാൽ ഇവ ചെറുക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും സജ്ജമാണ്. കുരങ്ങ്, മലയണ്ണാൻ തുടങ്ങിയ വന്യജീവികൾക്ക് ഭക്ഷണ പദാർത്ഥങ്ങൾ നൽകരുതെന്ന് അയ്യപ്പഭക്തരോട് വനംവകുപ്പ് അഭ്യർത്ഥിച്ചിട്ടുണ്ട്.