തിരുവനന്തപുരം: ഉത്പ്പന്നങ്ങൾക്ക മെയ്ഡ് ഇൻ കേരള ബ്രാൻഡ് നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഇവയ്ക്ക് കേരള സർക്കാർ അംഗീകാരം നൽകും. ചെറുകിട സംരംഭങ്ങൾക്ക് വിപണി ലഭിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. പുതിയ സംരംഭങ്ങളെ നിലനിർത്തുന്നതിനായി താലൂക്ക് വിപണനമേള നടത്തും.ജനുവരിയിൽ എറണാകുളത്ത് സംരംഭക സംഗമം നടത്തുമെന്നും വ്യവസായ മന്ത്രി പറഞ്ഞു. സംരംഭക വർഷം വിജയിപ്പിക്കുന്നതിൽ എല്ലാ ജനപ്രതിനിധികളും മികച്ച നേതൃത്വമാണ് നൽകുന്നതെന്നും മന്ത്രി അറിയിച്ചു.
98,834 സംരംഭങ്ങൾ പുതുതായി സംസ്ഥാനത്ത് ആരംഭിച്ചു. 6106.71 കോടി രൂപയുടെ നിക്ഷേപവും 2,15,522 തൊഴിലവസരങ്ങളും ഇതുവഴിയുണ്ടായി. അടുത്ത വർഷം ഓരോ മാസവും പുതിയ പ്രൊജക്ട് കെൽട്രോൺ പുറത്തിറക്കും. 1000 കോടി ടേൺഓവർ ഉള്ള സ്ഥാപനമായി രണ്ട് വർഷത്തിനുള്ളിൽ കെൽട്രോണിനെ മാറ്റും. കൈത്തറി മേഖലയിൽ പുതിയ സാധ്യതകൾ കണ്ടെത്താൻ സർക്കാർ ശ്രമിക്കുകയാണ്. കൈത്തറി മേഖലയെ കുറിച്ച് പഠിക്കാൻ നിശ്ചയിച്ച കമ്മിറ്റിയുടെ ശുപാർശകൾക്ക് ശേഷം ബാക്കി നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.