കൊച്ചി: വിഴിഞ്ഞം സംഘർഷത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഇപ്പോൾ എൻഐഎ അന്വേഷണം ആവശ്യമില്ലെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് നടപടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
വിഴിഞ്ഞം സ്വദേശിയായ റിട്ടയേർഡ് ഡിവൈഎസ്പിയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. സംഘർഷത്തിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണം, പോലീസ് സ്റ്റേഷൻ ആക്രമണക്കേസ് പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകണം, ക്രമസമാധാനപാലനത്തിന് കേന്ദ്രസർക്കാരിൻ്റെയും കേന്ദ്ര സേനയുടെയും സഹായം തേടണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു ഹർജിയിൽ ഉന്നയിച്ചിരുന്നത്.
നേരത്തെ വിഴിഞ്ഞം തുറമുഖ മേഖലയിൽ സുരക്ഷയൊരുക്കാൻ കേന്ദ്ര സേനയുടെ ആവശ്യമില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞിരുന്നു. ക്രമസമാധാനത്തിന് കേരള പോലീസ് പര്യാപ്തമാണ്. കേരളം കേന്ദ്രസേനയെ ആവശ്യപ്പെട്ടില്ലെന്നും ആവശ്യപ്പെട്ടത് നിർമാണക്കമ്പനിയാണെന്നും മന്ത്രി പറഞ്ഞു. പദ്ധതി പ്രദേശത്തിനകത്ത് കേന്ദ്രസേനയെ ആവശ്യപ്പെടുന്നതിൽ തെറ്റില്ല. പദ്ധതി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് ബുദ്ധിയില്ലാത്തവരെന്നും മന്ത്രി ആരോപിച്ചു.
വിഴിഞ്ഞത്ത് കേരള പോലീസ് പര്യാപ്തം; കേന്ദ്ര സേനയുടെ ആവശ്യമില്ലെന്ന് അഹമ്മദ് ദേവർകോവിൽ