തിരുവനന്തപുരം: ആയുർവേദ ചികിത്സയ്ക്കായി കോവളത്ത് എത്തിയ വിദേശ വനിതയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ വാദം പൂർത്തിയായി. ശിക്ഷ നാളെ വിധിക്കും. തിരുവനന്തപുരം ഒന്നാം അഡി.സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വെള്ളാർ പനത്തുറ സ്വദേശികളായ ഉമേഷ് (28), ബന്ധുവും സുഹൃത്തുമായ ഉദയകുമാർ (24) എന്നിവരാണ് പ്രതികൾ. ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലക്കുറ്റം, കൂട്ടബലാൽസംഗം, തെളിവു നശിപ്പിക്കൽ, ലഹരിമരുന്നു നൽകി ഉപദ്രവം, സംഘം ചേർന്നുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.
അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. സംഭവത്തിലൂടെ രാജ്യത്തിനു തന്നെ മോശം പ്രതിച്ഛായയുണ്ടായി. കേരളത്തിലെത്തിയ വിനോദസഞ്ചാരി ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെടുന്നത് ആദ്യമായാണ്. വിനോദസഞ്ചാരികൾക്കുമേൽ ഇത്തരം സംഭവങ്ങളുണ്ടാകുന്നത് തടയാൻ കഴിയുന്ന വിധിയുണ്ടാകണം. വിദേശവനിതയുടെ കുടുംബത്തിനു വലിയ നഷ്ടപരിഹാരം നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത് വധശിക്ഷവരെ ലഭിക്കാവുന്ന വകുപ്പുകളാണെന്നും ഇതേക്കുറിച്ച് എന്താണ് ഇരുവരുടെയും അഭിപ്രായമെന്നും കോടതി ചോദിച്ചു. ജീവിക്കാൻ അനുവദിക്കണമെന്നും രണ്ടു സെന്റു വസ്തുവിലെ വീട്ടിലാണ് താമസിക്കുന്നതെന്നും പ്രായമായ മാതാപിതാക്കൾക്ക് താൻ മാത്രമാണ് ആശ്രയമെന്നും കുറ്റം ചെയ്തിട്ടില്ലെന്നും ഉദയകുമാറും പറഞ്ഞു. രണ്ടു സെന്റ് വസ്തുവിൽ താമസിക്കുന്നവരിൽനിന്ന് എങ്ങനെ വലിയ നഷ്ടപരിഹാരം ഈടാക്കുമെന്ന് കോടതി ചോദിച്ചു. സർക്കാരിൽനിന്ന് സഹായം ലഭ്യമാക്കാൻ കഴിയുമോയെന്ന് പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി.
2018-ലായിരുന്നു കേസിനാസ്പദമായ സംഭവം. ആയൂർവേദ ചികിത്സക്കായി കോവളത്ത് എത്തിയ വിദേശ വനിതയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച് കൊലപെടുത്തുകയായിരുന്നു. പോത്തൻകോട്ടെ ആയൂർവേദ ചികിത്സാ കേന്ദ്രത്തിൽ നിന്നിറങ്ങി കോവളം ബീച്ചിലെത്തിയ ലാത്വിയൻ യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന പ്രതികൾ ആളൊഴിഞ്ഞ കണ്ടൽക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി, ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
2018 മാർച്ച് 14ന് യുവതിയെ കാണാതായതിനെ തുടർന്ന് സഹോദരി പോലീസിൽ പരാതി നൽകി. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ 37 ദിവസത്തിന് ശേഷമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും പരമാവധി ശേഖരിച്ചുകൊണ്ടായിരുന്നു അന്വേഷണം. കെട്ടിച്ചമച്ച കേസെന്ന പ്രതിഭാഗം വാദം കോടതി തള്ളി.