കോട്ടയം: ശശി തരൂരിനെതിരെ രൂകഷ വിമർശനവുമായി കോട്ടയം ഡിസിസിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ശശി തരൂരിനെ പരിഹസിച്ചും കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെ പുകഴ്ത്തിയുമാണ് ഫെയ്സ്ബുക്ക് പോസ്റ്റ്. എന്നാൽ പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചു.
സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോൺഗ്രസായ ശേഷം പാർലമെന്റ് സീറ്റ് മേടിച്ച് വിമാനത്തിൽ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന തലക്കെട്ടിൽ വന്ന പോസ്റ്റാണ് വിവാദത്തിലായത്. പോസ്റ്റിനെതിരെ പരാതിയുമായി തരൂർ അനുകൂലികൾ രംഗത്തെത്തി. വിവാദമായതോടെ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാൽ ഈ പേജ് ഡിസിസിയുടെ ഔദ്യോഗിക പേജല്ലെന്ന് നാട്ടകം സുരേഷ് പ്രതികരിച്ചു.
പേജിൽ വന്ന വിവാദ പോസ്റ്റിനെ കുറിച്ച് അറിയില്ലെന്നും നാട്ടകം സുരേഷ് കൂട്ടിച്ചേർത്തു. അതേസമയം പേജിൽ നൽകിയിരിക്കുന്ന ഫോൺ നമ്പരടക്കം നാട്ടകത്തിൻ്റെതെന്ന് തരൂർ അനുകൂലികൾ പറയുന്നു.
കഴിഞ്ഞ ദിവസം ശശി തരൂരിനെതിരെ നാട്ടകം സുരേഷ് രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. 14 വർഷമായി എന്താണ് തരൂർ പാർട്ടിക്ക് വേണ്ടി ചെയ്തതെന്ന് നാട്ടകം സുരേഷ് ചോദിച്ചു. താനുൾപ്പെടെയുള്ള പ്രവർത്തകർ കെ-റെയിൽ സമരത്തിൽ വെയിലും മഴയും കൊണ്ടപ്പോൾ പിണറായി വിജയന് പിന്തുണ നൽകിയ ആളാണ് തരൂർ. ഇതിനൊക്കെ തരൂരിന് പിന്തുണ നൽകുന്നവർ മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയത്ത് പൊതുപരിപാടിക്കെത്തിയ തരൂർ ജില്ലാ കോൺഗ്രസ് കമ്മറ്റിയെ അറിയിക്കാതെയാണ് വന്നതെന്ന് നാട്ടകം സുരേഷ് ആരോപിച്ചിരുന്നു. തരൂരിൻ്റെ പരിപാടികളിൽ നിന്ന് വിട്ടുനിന്ന സുരേഷ് തരൂരിനെതിരെ പരാതി നൽകുമെന്നും വ്യക്തമാക്കിയിരുന്നു.