തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനത്തിന് തുടക്കമായി. സമ്മേളനത്തിൽ സ്പീക്കറുടേയും ഡെപ്യൂട്ടി സ്പീക്കറുടേയും അഭാവത്തിൽ സഭ നിയന്ത്രിക്കേണ്ട ചെയർമാന്മാരുടെ പാനൽ പ്രഖ്യാപിച്ചു. സ്പീക്കർ പാനൽ പൂർണമായും ഇത്തവണ വനിതകളാണ്. ഭരണപക്ഷത്തുനിന്നും യു പ്രതിഭ, സി കെ ആശ എന്നിവരും പ്രതിപക്ഷത്തുനിന്നും കെ കെ രമയുമാണ് പാനലിലുള്ളത്.
ഇത് ആദ്യമായാണ് സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോൾ സഭ നിയന്ത്രിക്കാനുള്ള പാനലിലെ അംഗങ്ങൾ മുഴുവൻ വനിതകളാകുന്നത്. പാനൽ ചെയർമാൻ എന്നാണ് ഇത്തരത്തിൽ സഭ നിയന്ത്രിക്കുന്ന അംഗങ്ങളെ വിശേഷിപ്പിക്കുന്നത്. പാനലിൽ വനിതകൾ വേണമെന്ന നിർദേശം മുന്നോട്ട് വെച്ചത് സ്പീക്കർ എ എൻ ഷംസീറാണ്. സ്പീക്കറുടെ നിർദേശം അനുസരിച്ച് പ്രതിപക്ഷത്തു നിന്ന് ഉമാ തോമസ്, കെ കെ രമ എന്നിവരുടെ പേരുകൾ നിർദേശിച്ചു. സി.കെ. ആശയേയും യു. പ്രതിഭയേയുമായിരുന്നു ഭരണപക്ഷം നിർദ്ദേശിച്ചത്.
അതേസമയം സ്പീക്കർ പദവി പുതിയ റോളാണെന്നും രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമായി കരുതുന്നുവെന്നും എ എൻ ഷംസീർ പ്രതികരിച്ചു. തൻ്റെ രാഷട്രീയ ഗുരുവായ കോടിയേരി ബാലകൃഷ്ണൻ്റെ ചരമോപചാരം വായിക്കേണ്ടി വരുന്നു എന്നത് വ്യക്തിപരമായ ദുഖമുണ്ടാക്കുന്നുവെന്നും ഷംസീർ പറഞ്ഞു.
ഒരു സമ്മേളനത്തിൽത്തന്നെ പാനലിലെ മൂന്ന് അംഗങ്ങളേയും വനിതകളിൽ നിന്ന് നോമിനേറ്റ് ചെയ്തത് കേരള നിയമസഭയിൽ ആദ്യമായിട്ടാണ്. ഒന്നാം കേരള നിയമസഭ മുതൽ നടപ്പു സമ്മേളനം വരെ ആകെ 515 അംഗങ്ങൾ പാനലിൽ വന്നതിൽ 32 വനിതകൾ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്.