തിരുവനന്തപുരം: നിയമസഭാ സ്പീക്കർ പദവി വഹിക്കാൻ സാധിക്കുന്നത് രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമായി കരുതുന്നുവെന്ന് എ എൻ ഷംസീർ. സഭാനടപടികൾ നല്ല രീതിയിൽ നടത്തിക്കൊണ്ടുപോകാൻ എല്ലാവരുടെയും സഹായത്തോടെ സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കർ പദവി പുതിയ റോളാണ്. ഇത് രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമായി കരുതുന്നു. തൻ്റെ രാഷട്രീയ ഗുരുവായ കോടിയേരി ബാലകൃഷ്ണൻ്റെ ചരമോപചാരം വായിക്കേണ്ടി വരുന്നു എന്നത് വ്യക്തിപരമായ ദുഖമുണ്ടാക്കുന്നുവെന്നും ഷംസീർ പറഞ്ഞു.
ഏഴാം നിയമസഭാ സമ്മേളനത്തിനാണ് ഇന്ന് തുടക്കമായിരിക്കുന്നത്. എഎൻ ഷംസീർ സ്പീക്കറായതിന് ശേഷമുളള ആദ്യ നിയമസഭാ സമ്മേളനമാണിത്. ചാൻസിലർ പദവിയിൽ നിന്നും ഗവർണറെ നീക്കം ചെയ്യുന്നത് ഉൾപ്പടെ പതിനഞ്ചിലേറെ ബില്ലുകൾ സഭയിൽ അവതരിപ്പിക്കും.