തിരുവനന്തപുരം: ഗവർണറെ ചാൻസലർ പദവിൽ നിന്നും നീക്കം ചെയ്യുനുളള ബില്ല് ബുധനാഴ്ച സഭയിൽ അവതരിപ്പിക്കും. പതിനഞ്ചാം നിയമസഭയുടെ ഏഴാം സഭാ സമ്മേളനം 13ന് താത്ക്കാലികമായി പിരിയും. കാര്യോപദേശക സമിതിയിൽ ആണ് തീരുമാനം. ആദ്യം ഡിസംബർ 15 വരെയായിരുന്നു സഭാ സമ്മേളനം നടക്കുമെന്ന് അറിയിച്ചിരുന്നത്. താത്ക്കാലികമായി പിരിയുന്ന നിയമസഭ ജനുവരിയിൽ വീണ്ടും ചേരും. ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കാൻ വേണ്ടിയാണ് അനിശ്ചിതകാലത്തേക്ക് പിരിയുന്നത് ഒഴിവാക്കി താത്കാലികമായി നിർത്തിവെക്കുന്നത്.
അതേസമയം സംസ്ഥാനത്തെ റേഷൻ കടകളുടെ മുഖം മാറ്റാനൊരുങ്ങി സർക്കാർ. സിവിൽ സപ്ലൈസ് കോർപ്പറേഷന് കീഴിൽ പ്രവർത്തിക്കുന്ന റേഷൻ കടകളുടെ പേര് ‘കെ-സ്റ്റോർ’ എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കെ-സ്റ്റോറുകൾ വഴി റേഷൻ വിതരണവും നിത്യോപയോഗ സാധനങ്ങൾ വിൽക്കാനും കഴിയുന്ന തരത്തിലായിരിക്കും മാറ്റമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.