വയനാട്: തന്നെ ആക്രമിക്കാൻ കാരണം ലഹരി സംഘത്തിൻ്റെ പ്രതികാരമെന്ന് അപർണ ഗൗരി. ലഹരി സംഘത്തിനെതിരെ നേരത്തെ തെളിവ് സഹിതം പരാതി നൽകിയിരുന്നു. ലഹരി വിതരണം പാടില്ലെന്ന് ട്രാബിയോക് എന്ന സംഘത്തെ അറിയിച്ചിരുന്നു. മയക്കുമരുന്ന് സംഘം തന്നെ ക്രൂരമായി മർദിച്ചെന്നും 20 പേരടങ്ങുന്ന സംഘമാണ് തന്നെ അക്രമിച്ചതെന്നും അപർണ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വയനാട് മേപ്പാടി പോളിടെക്നിക്കിൽ എസ്എഫ്ഐ നേതാവായ അപർണ ഗൗരിയെ മയക്കുമരുന്ന് മാഫിയ വധിക്കാൻ ശ്രമിച്ചത്. പോളിടെക്ക്നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നതിനിടയിലാണ് അപർണ അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. മേപ്പാടി പോളി ടെക്നികിൽ യുഡിഎസ്എഫ് പിന്തുണയുള്ള ട്രാബിയൊക്ക് എന്ന മയക്കുമരുന്ന് മാഫിയാ സംഘമാണ് അപർണയെ ആക്രമിച്ചത്. സംഘമായെത്തിയവർ അപർണയുടെ മുടിക്ക് കുത്തി പിടിച്ച് മതിലിനോട് ചേർത്ത് നിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് പ്രവർത്തകർ പറഞ്ഞു. മതിലിൻ്റെ മുകളിൽ നിന്ന് തള്ളിയിട്ട് ചവിട്ടുകയും ചെയ്തെന്ന് പ്രവർത്തകർ പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ അപർണ മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
യുഡിഎസ്എഫ്-മയക്കുമരുന്ന് സംഘം എസ്എഫ്ഐ വനിതാ നേതാവിനെ വധിക്കാൻ ശ്രമിച്ചു