കൊച്ചി: ചെല്ലാനം ഗ്രാമത്തെ സുരക്ഷിതത്വത്തിലേക്ക് അടുപ്പിച്ച ടെട്രാപോഡ് നിർമാണം 71 ശതമാനം പൂർത്തിയായി. 344.2 കോടി രൂപയാണ് ജലസേചനവകുപ്പ് ആദ്യഘട്ടത്തിനായി അനുവദിച്ചത്. ഹാർബർമുതൽ പുത്തൻതോടുവരെയുള്ള പ്രദേശങ്ങളിൽ നിലവിൽ കടൽക്ഷോഭ ഭീഷണിയെ അതിജീവിക്കാൻ കടൽഭിത്തി നിർമാണത്തോടെ സാധിച്ചു.
ചെന്നൈ ആസ്ഥാനമായ നാഷണൽ സെന്റർ ഫോ കോസ്റ്റൽ റിസർച്ച് നടത്തിയ പഠനത്തിൻ്റെയും തയ്യാറാക്കിയ രൂപരേഖയുടെയും അടിസ്ഥാനത്തിലാണ് ടെട്രാപോഡ് നിർമാണം. കടൽക്ഷോഭം കൂടുതൽ ബാധിക്കുന്ന പ്രദേശങ്ങൾക്ക് മുൻഗണന നൽകിയാണ് ടെട്രാപോഡുകൾ സ്ഥാപിക്കുന്നത്. 98,000 ടെട്രാപോഡുകൾ ഇതുവരെ നിർമിച്ചു. ഇതിൽ 95,000 എണ്ണം സ്ഥാപിച്ചു. ചെല്ലാനം ബസാറിൽ ആറു പുലിമുട്ടുകളുടെ ശൃംഖലയും നിർമിക്കും. രണ്ടരമീറ്ററോളം ഉയരത്തിൽ കരിങ്കല്ല് പാകിയതിന് മുകളിലായാണ് ടെട്രാപോഡുകൾ സ്ഥാപിക്കുന്നത്. സമുദ്രനിരപ്പിൽനിന്ന് 6.10 മീറ്റർ ഉയരത്തിലാണ് കടൽഭിത്തി നിർമാണം. ഇതിനുമുകളിലായി മൂന്നു മീറ്റർ വീതിയിലാണ് നടപ്പാത നിർമിക്കുന്നത്.
ജലസേചനവകുപ്പിനുകീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനുവേണ്ടി പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റാണ് ചെല്ലാനത്ത് ടെട്രാപോഡ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. കടൽത്തീര സംരക്ഷണപദ്ധതി ഏറ്റെടുക്കുകയാണ് യൂണിറ്റിൻ്റെ ലക്ഷ്യം. കിഫ്ബിയുടെ ധനസഹായത്തോടെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സർവീസ് സൊസൈറ്റിയാണ് ടെട്രാപോഡുകൾ നിർമിക്കുന്നത്. ടെട്രാപോഡ് നിർമാണത്തിനായി എരമല്ലൂരിൽ കോൺക്രീറ്റ് മിക്സിങ് സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. 2023 ഏപ്രിലിനുമുമ്പായി 7.32 കിലോമീറ്റർ കടൽഭിത്തി നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യം. വാക്വേ നിർമാണവും പുരോഗമിക്കുന്നു.
രണ്ടാംഘട്ടത്തിലേക്കുള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കൽ അന്തിമഘട്ടത്തിലാണ്. രണ്ടുഘട്ടവും പൂർത്തിയാകുന്നതോടെ 10 കിലോമീറ്ററിലധികം കടൽത്തീരത്തിന് സംരക്ഷണമാകും. കണ്ണമാലി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ രണ്ടാംഘട്ടം കടൽഭിത്തി നിർമിക്കും.