കണ്ണൂർ: കേരളത്തിൽ നിന്ന് കമ്മ്യൂണിസത്തെ നിർമാർജനം ചെയ്യുമെന്ന് യുവമോർച്ച ദേശീയ അധ്യകഷൻ തേജസ്വി സൂര്യ എം പി. കണ്ണൂരിൽ കെ ടി ജയകൃഷ്ണൻ അനുസ്മരണദിന പോതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നിടെയാണ് യുവമോർച്ചാ നേതാവിൻ്റെ വെല്ലുവിളി.
കേരളത്തിൽ നിക്ഷേപം വരുന്നില്ലെന്ന് തേജസ്വി സൂര്യ ആരോപിച്ചു. ആകെയുള്ള തൊഴിൽ സർക്കാർ ജോലി മാത്രമാണ്. അതാകട്ടെ സിപിഎമ്മുകാർക്ക് മാത്രമേ ലഭിക്കുന്നുള്ളു. കമ്മ്യൂണിസം വികസനത്തിന് എതിരാണ്. കേരളത്തിൽ നിന്ന് കമ്മ്യൂണിസത്തെ നിർമാർജനം ചെയ്യുമെന്നത് പിണറായി വിജയനെ വെല്ലുവിളിച്ചാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സംസ്ഥാന സർക്കാരിനെതിരെ ഭീഷണിയുമായി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. വേണ്ടിവന്നാൽ സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കേരളസർക്കാരിനെ താഴെയിറക്കാൻ മോദിക്ക് അഞ്ച് മിനിറ്റ് പോലും വേണ്ടെന്നും ബി ജെ പി അയച്ച ഗവർണറാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് ഓർമ്മ വേണമെന്നും കെ സുരേന്ദ്രൻ വെല്ലുവിളിച്ചു. കെ ടി ജയകൃഷ്ണൻ അനുസ്മരണ യോഗത്തിലാണ് കെ സുരേന്ദ്രൻ്റെ വെല്ലുവിളി.