തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ. കോവളം വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയൻ, കെയർടേക്കർ സ്ഥാപനത്തിലെ ജീവനക്കാരനായ ഉമേഷ് എന്നിവരെയാണ് തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.സനിൽകുമാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികൾക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും.
ആയുർവേദ ചികിത്സക്കായി തിരുവനന്തപുരം പോത്തൻകോടുള്ള ആശുപത്രിയിലെത്തിയ വിദേശ വനിതയെ 2018 മാർച്ച് 14നാണ് കാണാതാകുന്നത്. പോലീസിൻ്റെ അന്വേഷണത്തിലാണ് യുവതിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. സഹോദരിയുടെ ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം വിദേശ വനിതയുടേതാണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് പ്രദേശവാസികളായ ഉമേഷിനെയും, ഉദയകുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തു.
കുറ്റപത്രം നൽകി മൂന്നു വർഷത്തിനു ശേഷമാണ് വിധി വരുന്നത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് വിചാരണ പൂർത്തിയാക്കിയത്. കേസിൽ 30 സാക്ഷികളെയാണ് വിസ്തരിച്ചത്. ഇതിൽ രണ്ടു സാക്ഷികൾ കൂറുമാറിയിരുന്നു. അസി.കമ്മീഷണർ ദിനിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. അഡ്വ.മോഹൻരാജായിരുന്നു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.കോടതി നടപടികൾ ലാത്വിനിലുള്ള സഹോദരിക്ക് ഓൺ ലൈൻ വഴി കാണാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.