തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹിമാനെതിരെ ഫാദർ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ വർഗീയ പരാമർശം ബോധപൂർവ്വമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പറയേണ്ടത് മുഴുവൻ പറഞ്ഞു. പിന്നെ മാപ്പ് പറഞ്ഞതുകൊണ്ട് എന്ത് കാര്യമെന്നും മുഹമ്മദ് റിയാസ് ചോദിച്ചു. ബോധപൂർവ്വം ജനങ്ങളിൽ മതസ്പർദ്ധ വളർത്തുകയാണ് ലക്ഷ്യം. സംഘ പരിവാറിന്റെ താൽപര്യത്തിന് അനുസരിച്ചാണ് ഇവർ നിലപാട് സ്വീകരിക്കുന്നതെന്നും വിഷയത്തിൽ യുഡിഎഫ് നേതൃത്വത്തിലെ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
”കൊറോണ ബാധിച്ച ഒരാൾ പ്രോട്ടോക്കോൾ പ്രകാരം സമൂഹത്തിൽ ഇറങ്ങാൻ പാടില്ല. സമൂഹത്തിലിറങ്ങി അത് മറ്റുള്ളവർക്ക് കൂടി പടർത്തിയ ശേഷം സോറി പറഞ്ഞത് കൊണ്ട് കാര്യമുണ്ടോ. ഇത് വളരെ ബോധപൂർവ്വം പറഞ്ഞതാണ്. മുസ്ലീമെന്നാൽ തീവ്രവാദികളെന്ന പ്രചരണം രാജ്യത്ത് നടത്തുന്നത് സംഘപരിവാറാണ്. സംഘപരിവാറിൻ്റെ താത്പര്യം അനുസരിച്ച് നിലപാട് സ്വീകരിക്കുന്ന ആളുകൾക്കൊപ്പം നിന്നുകൊണ്ടാണ് ഈ പരാമർശം നടത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്. മുസ്ലീം സമം തീവ്രവാദം എന്ന സംഘപരിവാർ ആശയപ്രചരണം ഏറ്റു പിടിക്കാൻ വേണ്ടിയാണ് ഈ വിഷം തുപ്പിയിട്ടുള്ളത്. അതൊരു സോറി പറഞ്ഞത് കൊണ്ട് പരിഹരിക്കപ്പെടുന്ന പ്രശ്നമല്ല.”
”അബ്ദുറഹ്മാൻ എന്ന പേരിന് എന്താണ് കുഴപ്പം. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മുതൽ നിരവധി പേർ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്. നിരവധി അബ്ദുറഹ്മാൻമാർ ഉൾപ്പെടെ ജീവൻ കൊടുത്തിട്ടാണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത്. വിഷയത്തിൽ യുഡിഎഫ് നേതൃത്വം ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. അത് എന്തുകൊണ്ടെന്ന് സമൂഹം തന്നെ ചർച്ച ചെയ്യണം” എന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
കേരളം മതമൈത്രിയുടെ നാട്; തിയോഡോഷ്യസ് ഡിക്രൂസിൻ്റെ മാപ്പ് അംഗീകരിക്കുന്നില്ലെന്ന് വി അബ്ദുറഹിമാൻ
‘വർഗ്ഗീയ ധ്രൂവീകരണത്തിനും കലാപത്തിനും ശ്രമിച്ചു’; തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസ്