തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിൻ്റെ പേരിൽ കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം പോലീസ് സ്റ്റേഷനു നേരെ നടന്ന ആക്രമണം ആസൂത്രിതമായിരുന്നുവെന്ന് പരുക്കേറ്റ എസ്ഐ ലിജോ പി.മണി. പോലീസിൻ്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായില്ല. പരിസരത്തെ സിസിടിവി ക്യാമറകൾ അടക്കം നശിപ്പിച്ചിരുന്നു. സിമന്റ് കട്ട കൊണ്ടാണ് തൻ്റെ കാലിൽ ഇടിച്ചതെന്നും എസ്ഐ പറഞ്ഞു.
സംഘർഷത്തിനിടെ കാലിനു പരുക്കേറ്റിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് എസ്ഐ ലിജോ. പോലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയ നാട്ടുകാരും പോലീസും തമ്മിലുള്ള ഏറ്റമുട്ടലിൽ അസിസ്റ്റന്റ് കമ്മിഷണർ, ഇൻസ്പെക്ടർ എന്നിവർ ഉൾപ്പെടെ 35 പോലീസുകാർക്കാണ് പരിക്കേറ്റത്.