തിരുവനന്തപുരം: വിഴിഞ്ഞത്തുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ)യും വിവരങ്ങൾ ശേഖരിക്കും. സംഭവത്തിന് പിന്നിൽ പ്രത്യേക താത്പര്യമുള്ള ഏതെങ്കിലും സംഘങ്ങളുടെ ഇടപെടലുണ്ടോ എന്ന സംശയത്തിലാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ഇതുസംബന്ധിച്ച് തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുന്ന എൻ.ഐ.എ. ഉദ്യോഗസ്ഥർക്ക് ഉന്നതകേന്ദ്രങ്ങളിൽനിന്ന് നിർദേശം ലഭിച്ചു.
പോലീസ് സ്റ്റേഷൻ ആക്രമിക്കപ്പെട്ടത് അടക്കമുള്ള സംഭവങ്ങൾ അതീവഗൗരവതരമാണെന്നാണ് എൻ.ഐ.എ. വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് വിഴിഞ്ഞത്ത് എത്തി വിവരങ്ങൾ ശേഖരിക്കാൻ എൻ.ഐ.എ. സംഘത്തിന് നിർദേശം നൽകിയിരിക്കുന്നത്. നിലവിൽ പി.എഫ്.ഐ. നിരോധനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എൻ.ഐ.എ. ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഈ അന്വേഷണ സംഘത്തോടാണ് വിഴിഞ്ഞത്ത് എത്തി വിവരങ്ങൾ ശേഖരിക്കാനും നിർദേശം നൽകിയിരിക്കുന്നത്.
അതേസമയം സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്ത് ക്രമസമാധാനപാലനത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ. തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ നിശാന്തിനിയാണ് സ്പെഷൽ ഓഫീസർ. അഞ്ച് എസ്പിമാരും സംഘത്തിലുണ്ട്. സംഘർഷം നിയന്ത്രിക്കലും കേസുകളുടെ മേൽനോട്ടവുമാണ് സംഘത്തിന്റെ ചുമതലകൾ.
ഡിസിപി അജിത്കുമാർ, കെ.ഇ ബൈജു, മധുസൂദനൻ എന്നിവർ സംഘത്തിലുണ്ട്. ഡിഐജി ഇന്ന് സ്ഥലം സന്ദർശിക്കും. തിടുക്കപ്പെട്ട് അറസ്റ്റ് വേണ്ടെന്നാണ് സർക്കാർ നിർദേശം. ഞായറാഴ്ചയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മൊബൈൽ ഫോൺ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്. അക്രമ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കാത്ത സാഹചര്യത്തിലാണിത്. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമവും പോലീസിൻ്റെ ഭാഗത്തുനിന്നുണ്ട്. 3000-പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
വിഴിഞ്ഞം സംഘർഷം 3000പേർക്കെതിരെ കേസ്; 85 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി വിലയിരുത്തൽ