കൊച്ചി:തിരുവനന്തപുരം പാറശാലയിൽ കഷായത്തിൽ വിഷം ചേർത്ത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ, അമ്മയുടെയും അമ്മാവൻൻ്റെയും ജാമ്യ ഹർജികൾ ഹൈക്കോടതി തളളി. കേസിലെ രണ്ടും മൂന്നും പ്രതികളായ സിന്ധു,നിർമ്മല കുമാരൻ നായർ എന്നിവരാണ് ഹെെക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. കേസിൻ്റെ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യത്തിന് അർഹതയില്ലെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി.
തെളിവു നശിപ്പിച്ചെന്ന കുറ്റം മാത്രമാണ് തങ്ങൾക്കെതിരെയുളളതെന്നും ജാമ്യം കിട്ടാതിരിക്കാനാണ് കൊലക്കുറ്റം കൂടി ചുമതത്തിയതെന്നുമായിരുന്നു ഇരുവരുടെയും വാദം. ഷാരോണുമായുളള മകളുടെ പ്രണയബന്ധത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും ഇരുവരുടെയും ഹർജിയിൽ പറയുന്നു. തങ്ങളെ കേസിൽ പ്രതിയാക്കിയത് ഗ്രീഷ്മയെ സമ്മർദ്ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാൻ വേണ്ടിയാണെന്നും ഹർജിയിൽ ആരോപിച്ചു. വിഷകുപ്പി ഒളിപ്പിച്ചുവെന്നത് കെട്ടിച്ചമച്ച ആരോപണം മാത്രമാണ്. ജയിലിൽ തുടരുന്നത് ആരോഗ്യ സ്ഥിതി വഷളാക്കുമെന്നും ഇരുവരും പറഞ്ഞു. നേരത്തെ നെയ്യാറ്റിൻകര കോടതിയും ഇവരുടെ ജാമ്യാപേക്ഷ തളളിയിരുന്നു.
ഗ്രീഷ്മയും അമ്മയും ദിവസങ്ങളെടുത്ത് ആസൂത്രിതമായി നടത്തിയതാണ് കൊലപാതകമെന്ന് ഷാരോൺ രാജിൻ്റെ കുടുംബം ആരോപിച്ചിരുന്നു. ഗ്രീഷ്മ ഒറ്റക്ക് ഇത്ര ആസൂത്രിതമായി കൊല നടത്തില്ലെന്ന് തുടക്കം മുതൽ ഷാരോൺ രാജിൻൻ്റെ കുടുംബം ഉറപ്പിച്ച് പറഞ്ഞിരുന്നു. തെളിവുകൾ നശിപ്പിച്ചതിനാണ് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മല കുമാരൻ എന്നിവരെയാണ് പോലീസ് കേസിൽ പ്രതിചേർത്തത്. ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചുവെന്നാണ് കണ്ടെത്തൽ. ഷാരോണിൻ്റെ കൊലയിൽ ഇനിയും കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.