സമസ്തയുടെ വിവാദ സർക്കുലറിനെതിരെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഫുട്ബോൾ ആരാധന വ്യക്തി സ്വാതന്ത്ര്യമാണെന്നും വ്യക്തികളുടെ അവകാശങ്ങൾക്ക് മേൽ കൈ കടത്താൻ ആർക്കും അധികാരമില്ലെന്നും മന്ത്രി പറഞ്ഞു. ‘ഇന്ത്യൻ ഭരണഘടന അതിനുള്ള സ്വാതന്ത്ര്യം നൽകുന്നു. സമസ്തയ്ക്ക് നിർദേശം നൽകാനുള്ള അവകാശമുണ്ട്. അത് സ്വീകരിക്കണോ വേണ്ടയോ എന്ന് വ്യക്തികൾക്ക് തീരുമാനിക്കാം’- വി.ശിവൻകുട്ടി വ്യക്തമാക്കി.
ഫുട്ബോൾ ലഹരി ആകരുതെന്നും താരാരാധന അതിരുകടക്കരുതെന്നും സമസ്ത നേരത്തെ പറഞ്ഞിരുന്നു. പള്ളികളിൽ ഇന്ന് പ്രാർത്ഥനയ്ക്ക് ശേഷം ഈ മുന്നറിയിപ്പ് നൽകുമെന്ന് ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികൾ നമസ്കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയിൽ പെട്ടതായും നാസർ ഫൈസി ചൂണ്ടിക്കാട്ടി.
സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന ഈ കാലഘട്ടത്തിൽ നിത്യ ഭക്ഷണത്തിന് പോലും മനുഷ്യൻ പ്രയാസമനുഭവിക്കുമ്പോൾ വമ്പിച്ച സമ്പത്ത് കട്ടൗട്ടുകൾ ഉയർത്താനും മറ്റുമായി ചെലവാക്കുന്ന അവസ്ഥ യുവാക്കൾക്കിടയിൽ വ്യാപകമായി മാറുകയാണ്. അതോടൊപ്പം കുട്ടികളുടെ പഠനങ്ങൾക്ക് പോലും ഭംഗം വരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സമസ്തയുടെ ഖുത്തുബ കമ്മിറ്റി ഇത്തരത്തിലൊരു നിർദ്ദേശം നൽകിയിരിക്കുന്നതെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.
എന്നാൽ സമസ്തയുടെ പ്രസ്താവനക്കെതിരെ ഫുഡ്ബോൾ ആരാധകർ രംഗത്ത് വന്നു.