കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം ഒഴിവാക്കിയ കീഴ്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. നരഹത്യാ കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ചു. രണ്ട് മാസത്തേക്ക് വിചാരണ നടപടികൾ നിർത്തിവെയ്ക്കാനും കോടതി ഉത്തരവായി.
ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാക്കുറ്റം പുനസ്ഥാപിച്ച് വിചാരണ നടത്തണം എന്നായിരുന്നു സർക്കാർ നൽകിയ ഹർജിയിലെ പ്രധാന ആവശ്യം. സംസ്ഥാനത്ത് ചർച്ചാ വിഷയമായ സംഭവം വാഹനാപകടം മാത്രമായി വിചാരണ ചെയ്ത് മുന്നോട്ട് പോകാം എന്നായിരുന്നു കീഴ്ക്കോടതി ഉത്തരവ്. എന്നാൽ കേസിൽ വ്യക്തമായ തെളിവുണ്ടെന്നും, ശ്രീറാം വെങ്കിട്ടരാമൻ അന്വേഷത്തിൻ്റെ പല ഘട്ടത്തിലും സഹകരിച്ചിരുന്നില്ലെന്നും ഇയാൾക്കെതിരെ നരഹത്യാക്കുറ്റം നിലനിർത്തി വിചാരണ ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.
കേസ് പരിഗണിച്ച കോടതി രണ്ട് മാസത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. ഹൈക്കോടതിയിൽ വിചാരണ പൂർത്തിയാക്കി വിധി പറയുന്നതുവരെ കീഴ്ക്കോടതിക്ക് തുടർനടപടികളുമായി മുന്നോട്ട് പോകാനാകില്ല. സർക്കാരിൻ്റെ ഹർജിയിൽ ഹൈക്കോടതി അന്തിമതീരുമാനം എടുത്ത ശേഷമായിരിക്കും വിചാരണ നടപടികളിലേക്ക് കടക്കുക. സർക്കാർ ഹർജി ഫയലിൽ സ്വീകരിച്ചതിന് പിന്നാലെ കേസിലെ എതിർകക്ഷികളായ ശ്രീരാം ഉൾപ്പെടെയുള്ളവർക്ക് കോടതി നോട്ടീസ് അയച്ചു.
നരഹത്യ നിലനിൽക്കും; ശ്രീറാം വെങ്കിട്ടരാമനെതിരെ സർക്കാർ ഹൈക്കോടതിയിൽ