കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഏലൂർ വടോപ്പിള്ളി താഴെ വീട്ടിൽ കാളിമുത്തു മുരുകൻ ഹരീഷ് (24), പേരൂർ ഉദ്യോഗമണ്ഡൽ മരങ്ങാട്ട് വീട്ടിൽ മഹീന്ദ്ര സുബ്രഹ്മണ്യൻ (26) എന്നിവരെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. എറണാകുളം സെൻട്രൽ പോലീസ് എസ്ഐ അഖിൽ, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ അനീഷ്, വിനോദ്, ഇഗ്നേഷ്യസ്, ഷിഹാബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയായിരുന്ന ഒന്നാം പ്രതി ഹരീഷ് പെൺകുട്ടികളുമായി പരിചയം സ്ഥാപിച്ചിരുന്നു. അങ്ങനെയിരിക്കെ റൈഡിന് പോകാമെന്ന് പറഞ്ഞ് കൊണ്ടുപോവുകയായിരുന്നു. കളമശ്ശേരിയിലെ ഹോസ്റ്റലിന് സമീപത്ത് നിന്നാണ് പെൺകുട്ടികളെ കാറിൽ കയറ്റിക്കൊണ്ട് പോയത്.
ഹരീഷിൻ്റെ സുഹൃത്തും രണ്ടാം പ്രതിയുമായ സുബ്രഹ്മണ്യൻ്റെ കാറിലാണ് പെൺകുട്ടികളെ തട്ടികൊണ്ട് പോയത്. മറൈൻഡ്രൈവിൽ വെച്ചാണ് പ്രതികൾ അപമര്യാദയായി പെരുമാറിയത്. പെൺകുട്ടികൾ ബഹളം വെച്ചതോടെ പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് പെൺകുട്ടികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
കൊച്ചിയിൽ മോഡലിനെ കൂട്ടബലാൽസംഗം ചെയ്ത കേസ്; പ്രതികൾ സജീവ ബിജെപി പ്രവർത്തകർ