തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സാധാരണ പ്രവർത്തകരെയും ജില്ലാ നേതാക്കളെയും അണികളെയും അഴിക്കുള്ളിൽ വിട്ട് ഫുട്ബോൾ മത്സരങ്ങൾ കാണാനായി പോയിരിക്കുന്ന ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിനെതിരെയും കടുത്ത വിമർശനമാണ് സംഘടനയ്ക്കുള്ളിലും പ്രവർത്തകർക്കിടയിലും ഉയരുന്നത്. കഴിഞ്ഞ 16 ദിവസമായി യൂത്ത് കോൺഗ്രസ് സമരത്തിൻ്റെ പേരിൽ അറസ്റ്റിലായ കെ എസ് യു പ്രവർത്തകർക്ക് ഹൈക്കോടതിയിൽ നിന്നാണ് ജാമ്യം ലഭിച്ചത്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ സമരം ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്ത ദിവസവും മൂന്ന് സഹപ്രവർത്തകർ പൂജപ്പുര ജയിലിലായിരുന്നു.
ഇവരെ ഒന്ന് കാണുവാനോ അവരുടെ കുടുംബത്തിന് ആശ്വാസം പകരുവാനോ സംഘടനയുടെ സംസ്ഥാന അധ്യക്ഷന് സമയമുണ്ടായിരുന്നില്ല എന്നതാണ് പ്രധാനമായും ഉയരുന്ന വിമർശനം. ഇത് പ്രവർത്തകർക്കിടയിൽ ഏറെ ചർച്ചയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം തുടർ സമരങ്ങളുടെ ഭാഗമായി നടന്ന സമരത്തിനിടയിൽ ഷാഫി പറമ്പിലിൻ്റെ വിശ്വസ്തനായ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുധീർഷ പാലോടിന് പരുക്ക് പറ്റി. മറ്റൊരു വിശ്വസ്തനായ ഷജീർ നേമം ഉൾപ്പെടെയുള്ള 13 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്യുന്ന സാഹചര്യവുമുണ്ടായി.
സംസ്ഥാന യൂത്ത് കോൺഗ്രസ് നേതൃത്വത്തിനിടയിലും തിരുവനന്തപുരത്തെ ജില്ലയിലെ യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെയും, പ്രവർത്തകരുടെയും ഇടയിലും പ്രതിഷേധം ശക്തമാണ്. ജില്ലാ കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെ ഗ്രൂപ്പുകളിൽ വലിയ വിമർശനം നേതാക്കൾ തന്നെ പങ്കുവെച്ചു.
ഞങ്ങൾക്ക് ഷോ പൊളിറ്റിക്സും, സെലിബ്രിറ്റി പൊളിറ്റിക്സും, സമയം തീരെ ഇല്ലാത്തതുമായ നേതാക്കളെ വേണ്ട എന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഗ്രുപ്പുകളിലെ വിമർശം. യുവജന വിഷയങ്ങളിലും സമരത്തിലും വ്യക്തമായ മറുപടി പറയാത്ത നേതാക്കൾ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ട്രോളി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടെന്നും, ഇത് തിരുവനന്തപുരം ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അവഹേളിക്കുന്നതാണെന്നും വാട്സ് ഗ്രൂപ്പിൽ പറയുന്നു.
ഷാഫി പറമ്പിൽ തൻ്റെ സ്വന്തം അനുയായി കൂടെ കൊണ്ടുനടക്കുന്ന രാഹുൽ മാങ്കൂട്ടത്തിനെയാണ് അടുത്ത പ്രസിഡണ്ടായി മുന്നോട്ടുകൊണ്ടുവരാനായി തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഒരു സെലിബ്രിറ്റി പ്രസിഡന്റ് വന്ന ക്ഷീണം യൂത്ത് കോൺഗ്രസിനെ മരണശൈലിയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇനി സെലിബ്രിറ്റി പ്രസിഡന്റ് വേണ്ട എന്നുള്ളതാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കിടയിലുള്ള പൊതുവികാരമെന്നും പ്രവർത്തകർ പറയുന്നു.
സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലും ഷാഫി പറമ്പിലിനും, രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള വിമർശനങ്ങൾ ശക്തമാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആണ് ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിനും അമിത സ്വാതന്ത്ര്യം നൽകുന്നതെന്നാണ് ആക്ഷേപം. കോട്ടയത്ത് നടക്കുന്ന ശശി തരൂരിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യൂത്ത് കോൺഗ്രസ് പരിപാടിയിൽ സതീശൻ്റെ ചിത്രവും ഷാഫി പറമ്പിൽ ചിത്രവും ഒഴിവാക്കിയിരുന്നത് ഇതിനാലാണെന്നും പ്രവർത്തകർ പറയുന്നു. വി ഡി സതീശൻ അമിതമായി ഈ രണ്ടു സെലിബ്രിറ്റി നേതാക്കൾക്ക് നൽകുന്ന പ്രാധാന്യമാണ് വി ഡി സതീശന് എതിരായതെന്നാണ് വിമർശനം. ഇതോടെ യൂത്ത് കോൺഗ്രസിൻ്റെ വലിയൊരു ഭാഗം ശശി തരൂരിന് അനുകൂലമായി മാറിയെന്നും ഗ്രൂപ്പുകളിൽ പ്രവർത്തകർ പറയുന്നു.