കോട്ടയം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കി വീണ്ടും യൂത്ത് കോൺഗ്രസ്. കോട്ടയം പാലായിൽ ശശി തരൂരിൻ്റെ പരിപാടിയുടെ ബോർഡിൽ നിന്നാണ് സതീശനെ ഒഴിവാക്കിയത്. പാലാ മണ്ഡലം കമ്മിറ്റിയാണ് നഗരത്തിൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിനും നൽകുന്ന അമിത പ്രാധാന്യമാണ് യൂത്ത് കോൺഗ്രസിൻ്റെ വലിയൊരു വിഭാഗം വി ഡി സതീശന് എതിരെ ശശി തരൂരിന് പിന്തുണ പ്രഖ്യാപിക്കാൻ കാരണം.
നേരത്തെ ശശി തരുരിനെ പിന്തുണച്ച് എ ഗ്രൂപ്പ് രംഗത്തുവന്നിരുന്നു. തരൂരിന് വേദിയൊരുക്കാൻ കോട്ടയത്തെ ‘ഉമ്മൻചാണ്ടി വിഭാഗമാണ്’ രംഗത്ത് വന്നത്. ഡിസംബർ 3 ന് ഈരാറ്റുപേട്ടയിലെ യൂത്ത് കോൺഗ്രസ് മഹാ സമ്മേളനം തരൂർ ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് പരിപാടി ആസൂത്രണം ചെയ്യുന്നത്. പരിപാടിയുടെ ആദ്യ പ്രചാരണ ബോർഡിൽ നിന്ന് വി.ഡി.സതീശൻ്റെ ചിത്രം പോലും ഒഴിവാക്കിയിരുന്നു.
ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ ചിന്റു കുര്യൻ ജോയിയാണ് കോട്ടയം ജില്ലാ പ്രസിഡന്റ്. ഉമ്മൻ ചാണ്ടിയുടെ അറിവോടെയാണ് തരൂരിന് വേദി ഒരുക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചിരുന്നു. ചിൻറു കുര്യൻ ജോയിയുടെ നേതൃത്വത്തിൽ തരൂരിനായി സംഘടിപ്പിച്ചിരിക്കുന്ന രാഷ്ട്രീയ സമ്മേളന പോസ്റ്ററിൽ കെ.സി.വേണുഗോപാലും, കെ.സുധാകരനും ഉണ്ടെങ്കിലും വി.ഡി.സതീശനില്ല.
ചേരിതിരിഞ്ഞ് കോൺഗ്രസ്; ഉമ്മൻചാണ്ടി വിഭാഗം തരൂരിനൊപ്പം: സതീശന് സ്ഥാനമില്ല