കൊച്ചി: പീഡനക്കേസിൽ അന്വേഷണം നേരിടുന്ന എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയെ മുഖ്യപ്രഭാഷണത്തിന് ക്ഷണിച്ച് പെരുമ്പാവൂരിലെ കോൺഗ്രസ് നേതാക്കൾ. പെരുമ്പാവൂർ ബ്ലോക്ക് പ്രസിഡന്റ് ഷാജി സലിം നയിക്കുന്ന വാഹന പ്രചരണ ജാഥയുടെ പോസ്റ്ററിൽ എൽദോസിൻ്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്.
കുറുപ്പംപടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയിലും എൽദോസിൻ്റെ ചിത്രമുള്ള പോസ്റ്റർ പുറത്തെത്തിയിട്ടുണ്ട്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി. വർഗീസ് നയിക്കുന്ന തെരുവ് വിചാരണ യാത്രയുടെ പോസ്റ്ററിലാണ് എൽദോസിൻ്റെ ചിത്രമുള്ളത്. പീഡന കേസിൽ അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ എൽദോസിനെ കോൺഗ്രസിൽനിന്ന് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. ഡി.സി.സിയുടെയും കെ.പി.സി.സിയുടെയും ഭാരവാഹിത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യുന്നതായി കെ.പി.സി.സി. അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചിരുന്നു. എന്നാൽ മണ്ഡലത്തിലെ പരിപാടികൾക്ക് സസ്പെൻഷൻ ബാധകമല്ലെന്നാണ് പ്രാദേശിക നേതൃത്വത്തിൻ്റെ ന്യായീകരണം.
എൽദോസ് പരിപാടിയിൽ പങ്കെടുക്കുന്നതിനോട് ഒരു വിഭാഗം പ്രവർത്തകർക്ക് എതിർപ്പുണ്ട്. എന്നാൽ ഐ ഗ്രൂപ്പിലെ ഒരു വിഭാഗം അദ്ദേഹത്തെ പങ്കെടുപ്പിക്കണം എന്ന ആവശ്യം ശക്തമായി ഉയർത്തി. ഇതിൻ്റെ ഭാഗമായാണ് പോസ്റ്റർ പുറത്തെത്തിയതെന്നാണ് വിവരം.