പാലക്കാട്: ട്രാൻസ്ജെൻഡർ വിവാഹത്തിന് ക്ഷേത്രം അനുമതി നിഷേധിച്ചതായി പരാതി. ആലപ്പുഴ സ്വദേശിയായ നിലൻകൃഷ്ണയും തിരുവനന്തപുരം സ്വദേശിയായ അദ്വികയും തമ്മിലുള്ള വിവാഹത്തിനാണ് കൊല്ലങ്കോട് കാച്ചാം കുറിശ്ശി ക്ഷേത്രം അനുമതി നിഷേധിച്ചത്. ഫിൻമാർട്ട് കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും.
വിവാഹവേദി കാച്ചാം കുറിശ്ശി ക്ഷേത്രമെന്ന് വെച്ചാണ് ഇവർ വിവാഹ ക്ഷണക്കത്തടിച്ചിരുന്നത്. എന്നാൽ ക്ഷേത്രത്തിൽ വെച്ചുള്ള കല്യാണത്തിന് അനുമതിയില്ലെന്ന് രണ്ടു ദിവസം മുമ്പ് ഭാരവാഹികൾ ഇരുവരെയും അറിയിക്കുകയായിരുന്നു. മുമ്പ് ഇത്തരത്തിൽ വിവാഹം നടന്നിട്ടില്ലെന്നും ഭാവിയിൽ പ്രശ്നങ്ങളുണ്ടാവാതിരിക്കാനാണ് അനുമതി നൽകാത്തതെന്നുമാണ് വിശദീകരണം.
മറ്റുള്ളവരെപ്പോലെ ജീവിക്കാൻ തങ്ങൾക്കും അവകാശമുണ്ടെന്ന നിലപാടുമായാണ് ഇരുവരും കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചത്. ആലപ്പുഴ സ്വദേശിയായ നിലൻ പെൺകുട്ടിയായി ജനിച്ച് പിന്നീട് ആൺകുട്ടിയുടെ ജീവിതക്രമത്തിലേക്ക് മാറിയ ആളാണ്. ആൺകുട്ടിയായി ജനിച്ച് പെൺകുട്ടിയുടെ ജീവിതക്രമത്തിലേക്ക് മാറിയതാണ് തിരുവനന്തപുരം സ്വദേശി അദ്വിക. കുടുംബാംഗങ്ങളുടെ പിന്തുണയില്ലാതെ നടന്ന ചടങ്ങിന് നേതൃത്വം നൽകിയത് ഇരുവരും ജോലിചെയ്യുന്ന ഫിൻഗ്രൂപ്പ് എന്ന സ്ഥാപനമാണ്.