കണ്ണൂരിൽ ലഹരിമാഫിയസംഘത്തെ ചോദ്യം ചെയ്ത സിപിഎം പ്രവർത്തകരെ കുത്തിക്കൊന്നു. സിപിഎം നെട്ടൂർ ബ്രാഞ്ചംഗം ത്രിവർണഹൗസിൽ പൂവനാഴി ഷമീർ(40), തലശേരി നെട്ടൂർ ഇല്ലിക്കുന്ന് ത്രിവർണ ഹൗസിൽ കെ.ഖാലിദ്( 52) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് തലശ്ശേരി സഹകരണ ആശുപത്രിക്കടുത്താണ് ആക്രമണം നടന്നത്.
ലഹരി വിൽപനയെ ചോദ്യം ചെയ്ത ഷമീറിൻ്റെ മകൻ ഷബീലിനെ (20) ഇന്നലെ ഉച്ചക്ക് നെട്ടൂർ ചിറക്കക്കാവിനടുത്ത ജാക്സൺ മർദിച്ചിരുന്നു. ഷബീലിനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് അനുരഞ്ജനത്തിനെന്ന വ്യാജേനയാണ് ലഹരിമാഫിയ സംഘം ഖാലിദ് അടക്കമുള്ളവരെ റോഡിലേക്ക് വിളിച്ചിറക്കിയത്. ഖാലിദ് സംഭവ സ്ഥലത്ത് തന്നെ അക്രമത്തിൽ മരിച്ചു.
അനുരഞ്ജന സംസാരത്തിനിടയിൽ അക്രമികൾ കൈയിൽ കരുതിയ കത്തിയെടുത്ത് ഖാലിദിൻ്റെ കഴുത്തിന് വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച ഷമീറിൻ്റെ പുറത്തും ശരീരത്തിൻ്റെ മറ്റുഭാഗങ്ങളിലും കുത്തേറ്റു. അതീവ ഗുരുതരാവസ്ഥയിൽ ഷമീറിനെ കൊഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നിട്ടൂർ സ്വദേശിയായ ഷാനിബിനും കുത്തേറ്റിട്ടുണ്ട്.