കണ്ണൂർ: തലശ്ശേരി ജനറൽ ആശുപതിയിൽ ചികിൽസ തേടിയ 17 വയസ്സുകാരൻ സുൽത്താൻറെ കൈ മുറിച്ച് മാറ്റേണ്ടി വന്ന സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്ത് പോലീസ്. തലശ്ശേരി ജനറൽ ആശുപതിയിൽ സുൽത്താനെ ചികിൽസിച്ച എല്ലു രോഗ വിദഗ്ദൻ ഡോ. വിജു മോനെതിരെയാണ് കേസ്. ചികിത്സാപിഴവുമൂലമാണ് കുട്ടിയുടെ കൈ മുറിച്ച് മാറ്റേണ്ടിവന്നതെന്ന പിതാവിൻ്റെ പരാതിയിലാണ് നടപടി. തലശ്ശേരി എ എസ് പി, പി.നിഥിൻ രാജാണ് കേസന്വേഷിക്കുന്നത്. സംഭവത്തിൽ ആരോഗ്യ വകുപ്പും അന്വേഷണം നടത്തുകയാണ്. പാലയാട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ് 17കാരനായ സുൽത്താൻ.
ഫുട്ബോൾ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാർത്ഥിയുടെ കൈ ആശുപത്രിയുടെ അനാസ്ഥ മൂലം മുറിച്ചുമാറ്റേണ്ടി വന്നു എന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാ ജോർജിനും കുട്ടിയുടെ കുടുംബം പരാതി നൽകിയിരുന്നു. സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ആരോഗ്യവകുപ്പിൻ്റെ അന്വേഷണം തുടരുന്നതിനിടെയാണ് ഡോക്ടർക്കെതിരെ കേസെടുത്തത്.