കോഴിക്കോട് : ശശി തരൂർ പങ്കെടുക്കുന്ന സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എം കെ രാഘവൻ എം പി ഹൈക്കമാന്റിന് കത്തയച്ചു. തരൂരിനെ വിലക്കിയവർക്കെതിരെ നടപടി വേണമെന്നാണ് കത്തിലെ ആവശ്യം. രാഹുൽ ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ എന്നിവർക്കാണ് കത്തയച്ചത്.
ആരാണ് തരൂരിനെ വിലക്കിയതെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് സംഭവത്തിന് പിന്നാലെ എംകെ രാഘവൻ ആവശ്യപ്പെട്ടിരുന്നു. ദേശീയനേതൃത്വത്തിന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻവാങ്ങിയത് വലിയ വിവാദമായിരുന്നു. ശശി തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കൾ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസിൻ്റെ പിന്മാറിയതെന്നാണ് ആരോപണമുയർന്നത്.