സിബിഐക്ക് കോടതിയുടെ രൂക്ഷ വിമർശനം. ആർഎസ്എസ് നേതാവ് കതിരൂർ മനോജ് കൊല കേസിൽ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്ന് സുപ്രീം കോടതി വിമർശിച്ചു. കേസിൽ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന സിബിഐയുടെ ആവശ്യം കോടതി തള്ളി. നാല് മാസത്തിനുള്ളിൽ കേസിൻ്റെ നടപടികൾ പൂർത്തിയാക്കണമെന്ന് വിചാരണ കോടതിക്ക് നിർദേശവും നൽകിയിട്ടുണ്ട്. വിചാരണ കോടതി നടപടികളുടെ തൽസ്ഥിതി റിപ്പോർട്ട് നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
കേസിന്റെ വിചാരണ എറണാകുളത്ത് നിന്ന് കർണാടകത്തിലേക്കോ തമിഴ്നാട്ടിലേക്കോ മാറ്റണമെന്നായിരുന്നു സിബിഐയുടെ ട്രാൻസ്ഫർ ഹർജിയിലെ ആവശ്യം. തലശ്ശേരി സെഷൻസ് കോടതിയിൽ നിന്ന് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലേക്ക് കേസിൻ്റെ വിചാരണ നേരത്തേ സുപ്രീംകോടതി മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിൻ്റെ പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.