മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ
ശ്രീറാം വെങ്കിട്ടരാമനെതിരെ സർക്കാർ ഹൈക്കോടതിയിൽ. പ്രതികൾക്കെതിരായ മനപ്പൂർവമല്ലാത്ത നരഹത്യാവകുപ്പ് ഒഴിവാക്കിയതിനെതിരെയാണ് ഹർജി. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയുടെ നടപടിക്കെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ശ്രീറാം വെങ്കിട്ടരാമനെതിരെ വാഹനാപകട കേസിൽ മാത്രം വിചാരണ നടത്താനായിരുന്നു കീഴ്ക്കോടതി ഉത്തരവ്. ശ്രീറാമിനെതിരെ 304(2) വകുപ്പ് പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യ ഒഴിവാക്കി, 304(a) വകുപ്പ് നിലനിർത്തിയിരുന്നു.
രക്തത്തിൽ മദ്യത്തിൻ്റെ അളവ് കണ്ടെത്താനായില്ലെന്നും മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ശ്രീറാം വെങ്കിട്ടരാമൻ കോടതിയെ സമീപിച്ചിരുന്നത്. കൊലപാതക കേസിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. ഈ വിടുതൽ ഹർജിയിലായിരുന്നു ഹൈക്കോടതി വിധി.
വഫാ ഫിറോസിനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകളിൽ മോട്ടോർ വാഹന നിയമപ്രകാരമുള്ള വകുപ്പുകൾ മാത്രമേ നിലനിൽക്കുവെന്നും പ്രതികളുടെ വിടുതൽ ഹർജിയിൽ കീഴ്ക്കോടതി ഉത്തരവിട്ടിരുന്നു. വാഹനമോടിച്ചത് താനല്ലെന്നും ഒപ്പമുണ്ടായിരുന്നെന്ന പേരിൽ പ്രതിയാക്കാൻ കഴിയില്ലെന്നും കേസിൽ നിന്നും ഒഴിവാക്കണമെന്നുമായിരുന്നു വഫയുടെ ആവശ്യം.
2020 ഫെബ്രുവരി മൂന്നിനാണ് പ്രത്യേക അന്വേഷണസംഘം ശ്രീറാമിനേയും വഫയേയും പ്രതികളാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.