തിരുവനന്തപുരം: ശശി തരൂരിന് താക്കീതുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരായാലും വിഭാഗീയ, സമാന്തര പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന് സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയിൽ ഒരു തരത്തിലുള്ള സമാന്തര പ്രവർത്തനങ്ങളോ വിഭാഗീയ നീക്കങ്ങളോ അനുവദിക്കില്ല. എല്ലാവരുമായും ആലോചിച്ചാണ് കെപിസിസി അധ്യക്ഷൻ തീരുമാനങ്ങളെടുക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.
മാധ്യമങ്ങൾക്കെതിരെയും രൂക്ഷവിമർശനമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉന്നയിച്ചത്. മാധ്യമങ്ങൾ കൃത്യമായ അജണ്ട തീരുമാനിച്ചാണ് വാർത്തകൾ തയാറാക്കുന്നതെന്നും മാധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂണുകളാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
തകർച്ചയിൽ നിന്ന് കോൺഗ്രസും യുഡിഎഫും ഉയർന്ന് വരുമ്പോൾ തകർക്കാൻ പല കോണുകളിൽ നിന്നും അജണ്ടകളുണ്ടെന്ന് ആരോപിച്ച സതീശൻ അതിനെ നേരിടുമെന്നും പറഞ്ഞു. കേരളത്തിലെ കോൺഗ്രസിനെ ദുർബലപ്പെടുത്താൻ ആര് ശ്രമിച്ചാലും അത് സമ്മതിക്കില്ല. കേരളത്തിലെ കോൺഗ്രസിനെ ദുർബലപ്പെടുത്താനുള്ള അജണ്ട ചിലർ നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ട്. മാധ്യമങ്ങൾ ഉൾപ്പെടെ ആര് ഇത്തരം അജണ്ട നടപ്പിലാക്കാൻ ശ്രമിച്ചാലും അത് തടയുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.