തിരുവനന്തപുരം നഗരസഭയിലെ താത്കാലിക നിയമനങ്ങൾക്ക് പാർട്ടി മുൻഗണനാ പട്ടിക ആവശ്യപെട്ടെന്ന മേയർ ആര്യാ രാജ്യന്ദ്രൻ്റെ പേരിലുള്ള വ്യാജ ശിപാർശാ കത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. വ്യാജരേഖ ചമയ്ക്കൽ വകുപ്പുകളാണ് പരാതിയിന്മേൽ ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമം 465, 466, 469 വകുപ്പുകളാണ് ചുമത്തിയത്. മേയറുടെ ലെറ്റർ പാഡിൽ ആരോ കൃത്രിമം കാണിച്ചെന്നാണ് എഫ്.ഐ.ആർ.
‘ആവലാതിക്കാരി മേയറായി ചുമതല വഹിച്ചുവരുന്ന തിരുവനന്തപുരം കോർപ്പറേഷനെയും, ആവലാതിക്കാരിയെയും പൊതുജന മധ്യത്തിൽ ഇകഴ്ത്തി കാണിക്കണമെന്നും ആവലാതിക്കാരിയുടെ സൽകീർത്തിക്ക് ഭംഗം വരുത്തണമെന്നുമുളള ഉദ്ദേശത്തോടും കരുതലോടും കൂടി ആവലാതിക്കാരി DYFI എന്ന സംഘടനയുടെ പരിപാടിയുമായി ബന്ധപ്പെട്ട് 31.10.2022 തീയതി മുതൽ 04.11.2022 തീയതി വരെ ഡൽഹിയിൽ ആയിരുന്ന സമയത്ത് 01.11.2022 എന്ന തീയതി വച്ച് മേയറുടെ ഒദ്യോഗിക ലറ്റർ പാഡിൽ ഏതോ പ്രതി കൃത്രിമം കാണിച്ച് തിരുവനന്തപുരം നഗരസഭയുടെ ആരോഗ്യ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് മുൻഗണനാ ലിസ്റ്റ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് CPI (M) തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ ശ്രീ. ആനാവൂർ നാഗപ്പൻ എന്നയാൾക്ക് ആവലാതിക്കാരിയുടേതാണെന്ന് തോന്നുന്ന വിധത്തിലുളള വ്യാജ ഒപ്പ് വച്ച ഒരു കത്ത് ഒദ്യോഗിക ലറ്റർ പാഡിൽ വ്യാജമായി തയ്യാറാക്കി ആയതിൻ്റെ പകർപ്പ് സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിപ്പിച്ച് മേൽ വകുപ്പ് പ്രകാരമുളള കുറ്റം ചെയ്തു. എന്നും എഫ്ഐആറിലുണ്ട്.